റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 140 പേരെ അറസ്റ്റ് ചെയ്തു. കൈക്കൂലി, അഴിമതി, സ്വാധീനം ചെലുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് പിടികൂടിയതെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു.
അറസ്റ്റിലായവരിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നു. ആഭ്യന്തരം, പ്രതിരോധം, നീതി, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റികൾ, ഭവന നിർമാണം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരും കിങ് ഫഹദ് കോസ്‌വേ അതോറിറ്റിയിലെ ജീവനക്കാരും ഉൾപ്പെടെ 385 പേരെയാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അഴിമതി വിരുദ്ധ അതോറിറ്റി നിരീക്ഷിച്ചത്.
കൈക്കൂലിയിലും അധികാര ദുർവിനിയോഗത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 140 പൗരന്മാരെയും താമസക്കാരെയും ക്രിമിനൽ നടപടിക്രമ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇവരിൽ ചിലർ ജാമ്യത്തിൽ പുറത്തിറങ്ങി. അറസ്റ്റിലായവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും ഇവരെ ഉടൻ ജുഡീഷ്യറിക്ക് കൈമാറുമെന്നും അധികൃതർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏപ്രിലിൽ 2,807 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും അതോറിറ്റിയുടെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികമോ ഭരണപരമോ ആയ അഴിമതി സംബന്ധിച്ച വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 980-ൽ വിളിച്ചോ അല്ലെങ്കിൽ റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനായി സജ്ജമാക്കിയ വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അതോറിറ്റി അഭ്യർഥിച്ചു.
one hundred and fourty people arrested Saudi Arabia for corruption