ദുബായ്: (gcc.truevisionnews.com) അൽ ബർഷ അൽ സർഊനി കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രി പാചകവാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ തകർന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ്. എമിറേറ്റ്സ് മാളിന് പിന്നിലുള്ള കെട്ടിടത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന തലശ്ശേരി സ്വദേശി സുലൈമാന്റെ പേൾ വ്യൂ റസ്റ്ററന്റാണ് പൂർണമായും തകർന്നത്.
ഇവിടുത്തെ രണ്ട് മലയാളികൾക്ക് അടക്കം കെട്ടിടത്തിലെ ഒട്ടേറെ പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പേൾ വ്യൂ അടക്കം ആറോളം റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ പ്രശസ്തമായ ഈജിപ്ഷ്യൻ റസ്റ്ററന്റും പാക്ക്, ചൈനീസ് ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്റുകളുമുണ്ട്. കെട്ടിടത്തിന്റെ മുകൾ നിലകളിൽ ആളുകൾ താമസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും തൊട്ടടുത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ബാച്‌ലർമാരാണ്.
കേന്ദ്രീകൃത പാചക വാതക സംവിധാനമാണ് കെട്ടിടത്തിലുള്ളത്. ഇവിടെ ഇന്നലെ പാചക വാതകം നിറയ്ക്കുമ്പോൾ ചോർച്ചയെ തുടർന്ന് തീ പിടിത്തമുണ്ടാവുകയായിരുന്നു. പാചകവാതകം കടന്നുപോകുന്ന ഷാഫ്റ്റിലാണ് ചോർച്ചയുണ്ടായത് എന്നാണ് കരുതുന്നത്.
ആദ്യം ഒന്നാം നിലയിലായിരുന്നു തീ പടർന്നത്. ഇവിടെ നിന്ന് തീ താഴേയ്ക്ക് പടരുകയും റസ്റ്ററന്റിന്റെ മേൽക്കൂര ഒന്നാകെ തകർന്നുവീഴുകയുമായിരുന്നു. ചില്ലുകളെല്ലാം പൊട്ടിത്തകർന്നു. എന്നാൽ റസ്റ്ററന്റിനകത്ത് തീ പടർന്നിട്ടില്ലെന്ന് വ്യക്തമാക്കി. ഇവിടെയുണ്ടായിരുന്നവർ പെട്ടെന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച ശേഷം തീ നിയന്ത്രണ വിധേയമാക്കി. പുക ശ്വസിച്ച് അവശരായ ചിലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. താമസക്കാരിൽ പലരും സുഹൃത്തുക്കളുടെ മുറികളിലും വാഹനങ്ങളിലുമാണ് രാത്രി കഴിച്ചുകൂട്ടിയത്. ഈ കെട്ടിടനടുത്തെ മറ്റൊരു കെട്ടിടത്തിലെ ആളുകളെയും താത്കാലികമായി ഒഴിപ്പിച്ചിരുന്നു.
Al Barsha fire dream of Thalassery resident consumed by fire