റിയാദ്:(gcc.truevisionnews.com) കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.
തിരുവനന്തപുരം ചെറുകോട് പോങ്ങുംമൂട് സ്വദേശി കുട്ടന്റെ മൃതദേഹമാണ് എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൽ തിങ്കളാഴ്ച തിരുവന്തപുരത്ത് എത്തിച്ചത്. ആലപ്പുഴ കായംകുളം നടക്കാവ് പെരിങ്ങാല സ്വദേശി വിനോദ് കുമാറിന്റെ മൃതദേഹം അടുത്ത ദിവസങ്ങളിൽ നാട്ടിലയക്കും. വിനോദ് കുമാർ നേരത്തെ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ പണം നൽകാത്ത കേസ് ഉള്ളതിനാലാണ് മൃതദേഹം നാട്ടിലയക്കാൻ വൈകുന്നതെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്ന എംബസി വോളന്റിയർ പറഞ്ഞു.
ഇരുവരുടെയും മൃതദേഹങ്ങൾ അഴുകിയ നിലയിൽ ഏപ്രിൽ മൂന്നിനാണ് കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൽനിന്ന് രൂക്ഷഗന്ധമുണ്ടായിതിനെത്തുടർന്ന് സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചത്. താമസിച്ചിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്.
കമഴ്ന്നുകിടക്കുന്ന രീതിയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. വീപ്പകൾ നിറയെ വ്യാജ മദ്യങ്ങളും വാറ്റുന്നതിനുള്ള ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു. ചാരായ വാറ്റിന്റെ രൂക്ഷഗന്ധം ശ്വസിച്ചായിരിക്കാം ഇരുവരും മരിച്ചിട്ടുണ്ടാവുക എന്നാണ് പൊലീസ് നിഗമനം.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ ഫോറൻസിക് പരിശോധനയിലോ മറ്റ് കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. കെട്ടിടം വാടകക്ക് എടുത്തിരുന്ന തിരുവനന്തപുരം സ്വദേശി പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ആദ്യം ചോദ്യം ചെയതപ്പോൾ തനിക്കൊന്നും അറിയില്ലെന്നും തന്റെ ഇഖാമ പകർപ്പ് ഇവർ തട്ടിയെടുത്ത് ദുരുപയോഗം ചെയ്തതാണെന്നുമാണ് ഇയാൾ പറയുന്നത്. എന്നാൽ ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ അവിടെ നടന്നിരുന്ന ചാരായവാറ്റിന്റെ വിശദവിവരങ്ങളുള്ള ഫോട്ടോകൾ കണ്ടെത്തി.
ശേഷമാണ് പ്രതിമാസം 1000 റിയാലിന് വേണ്ടിയാണ് താൻ കെട്ടിടം വാടകക്ക് എടുത്ത് നൽകിയതെന്ന് ഇയാൾ സമ്മതിച്ചത്. വിനോദിനെയും കുട്ടനെയും കാണാതായതിനെത്തുടർന്ന് ഇവരെ അന്വേഷിച്ച് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള മലയാളിയും സുഹൃത്തും താമസസ്ഥലത്ത് നേരത്തെ എത്തിയിരുന്നു. തുറന്നുകിടന്ന ജനൽ വഴി നോക്കിയപ്പോൾ ഇരുവരും താഴെ കമഴ്ന്ന് കിടക്കുന്നത് ഇവർ കാണുകയും ചെയ്തിരുന്നു.ഇതോടെ ആരോടും പറയാതെ ഇവർ സ്ഥലം വിടുകയായിരുന്നു. മദ്യം വാറ്റുമ്പോഴുള്ള രൂക്ഷഗന്ധം കാരണം താനും പലതവണ തലചുറ്റി വീണിട്ടുണ്ടെന്ന് കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശി പറഞ്ഞു.
Body of Malayali who died secret alcohol treatment center Saudi Arabia brought back home