ദോഹ : (gcc.truevisionnews.com) ഖത്തറിൽ പുറം തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ ചട്ടം ജൂൺ 1 മുതൽ പ്രാബല്യത്തിൽ. തൊഴിൽ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ളതാണ് ഉച്ചവിശ്രമ ചട്ടം.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും വേനൽക്കാലത്ത് ഉച്ചവിശ്രമ ചട്ടം ഏർപ്പെടുത്തുന്നത്. രാജ്യത്തെ കമ്പനികൾ ചട്ടം പാലിക്കുന്നുണ്ടോയെന്നറിയാൻ തൊഴിൽ മന്ത്രാലയത്തിലെ ഒക്കുപേഷനൽ സേഫ്റ്റി, ഹെൽത്ത് വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ കർശന പരിശോധനകളും നടക്കും.
ചട്ടലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ, സ്ഥാപനം അടച്ചുപൂട്ടൽ, പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികളാണ് സ്വീകരിക്കുന്നത്. വേനൽക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് സമഗ്ര ബോോധവൽക്കരണവും വരും ദിവസങ്ങളിൽ സജീവമാകും.
qatar implements mandatory rest hour for workers starting june one