ജിസാൻ : (gcc.truevisionnews.com) ഗ്യാസ് സ്റ്റേഷനിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ജിസാനിൽ മരിച്ചു. കൊല്ലം, പുത്തൂർ സ്വദേശി, മൈലൊംകുളം മൊട്ടക്കുന്നിൽ ബിജിൻലാൽ ബൈജു ആണ് മരിച്ചത്. ജിസാൻ, സബിയയിലുള്ള സാസ്കോ ഗ്യാസ് സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണത്തിനിടയാക്കിയ തീപിടിത്തം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ ബിജിൻലാലിനെ രക്ഷാപ്രവർത്തകർ അബു അരീഷ് കിങ് ഫഹദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സയിലിരിക്കെ നില വഷളായി ഇന്ന് (ഞായർ) മരിച്ചു. രണ്ടു വർഷത്തോളമായി സബിയ സാസ്കോ ഗ്യാസ് സ്റ്റേഷനിൽ ജീവനക്കാരനാണ്. കമ്പനി അധികൃതർ റിയാദിൽ നിന്ന് വന്നതിനു ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരം മറ്റു നടപടികൾ പൂർത്തിയാക്കും. ബൈജു, ഉഷാകുമാരി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി; ബിന്ദുജമോൾ.
മൃതദേഹം അബു അരീഷ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലുള്ള ബന്ധുക്കളോടും കമ്പനി അധികൃതരോടും ബന്ധപ്പെട്ട് നിയമനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ജിസാൻ ജല, ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജല വാസലീഹ് യൂണിറ്റ് സെക്രട്ടറി സഞ്ജീവൻ ചെങ്ങന്നൂർ യൂണിറ്റ് ട്രഷറർ വിപിൻ എന്നിവർ സഹായങ്ങൾക്ക് രംഗത്തുണ്ട്.
Gas station fire Malayali youth undergoing treatment dies in Saudi Arabia