കാടിന്റെ കൗതുകക്കാഴ്ചകളുമായി ദുബായ് സഫാരി പൊതുജനങ്ങള്‍ക്കായി തുറന്നു…

ദുബായ്: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ദുബായ് സഫാരിയുടെ കവാടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. വന്യമൃഗങ്ങളെ അതിന്റെ ആവാസവ്യവസ്ഥകള്‍ പുനരാവിഷ്‌കരിച്ചുകൊണ്ടുതന്നെ സംരക്ഷിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയസംരംഭമാണ് ദുബായ് സഫാരി. 250 വിഭാഗങ്ങളിലായി രണ്ടായിരത്തിഅഞ്ഞൂറോളം വന്യജീവികളെയാണ് സഫാരി പാര്‍ക്കിലേക്ക് എത്തിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ആനയടക്കമുള്ള ചില മൃഗങ്ങള്‍ ഇനിയും എത്താനിരിക്കുന്നതേയുള്ളൂ. ഓരോമൃഗത്തിനും ആവശ്യമായ അന്തരീക്ഷ ഊഷ്മാവും ആവാസവ്യവസ്ഥയുമൊക്കെ കൃത്യമായി നല്‍കിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിവിധ ഭൂപ്രദേശങ്ങളില്‍നിന്നുള്ളതാണ് മിക്കവാറും മൃഗങ്ങള്‍ എന്നതിനാല്‍ ഇവിടത്തെ ചൂടിനെ അതിജീവിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.

Loading...

വനത്തെക്കുറിച്ചും വന്യജീവികളെക്കുറിച്ചുമുള്ള അവബോധം കുട്ടികളില്‍പോലും ഉണ്ടാക്കാന്‍ സഫാരിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍. കൗതുകംനിറഞ്ഞ ഒരു ക്ലാസ്സ് മുറി പോലെയാണ് സഫാരിയുടെ സംവിധാനം. മൃഗങ്ങളെ വിവിധ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ സഫാരി, ആഫ്രിക്കന്‍ സഫാരി, അറേബ്യന്‍ വില്ലേജ് എന്നിങ്ങനെ വിവിധസങ്കേതങ്ങളിലായി ഇവയെ കാണാനാവും.

ഗള്‍ഫ് മേഖലയിലെ വിവിധയിനം മൃഗങ്ങളാണ് അറേബ്യന്‍ സഫാരിയിലുള്ളത്. 119 ഹെക്ടര്‍ സ്ഥലത്താണ് സഫാരി സ്ഥിതിചെയ്യുന്നത്. ദുബായ് സഫാരി ഏര്‍പ്പെടുത്തുന്ന വാഹനങ്ങളിലൂടെ വിവിധ സങ്കേതങ്ങളില്‍ പോയി ഇറങ്ങാം. അവിടെ ചുറ്റിക്കറങ്ങിയശേഷം അടുത്തവാഹനത്തില്‍ കയറി പുതിയസ്ഥലത്തേക്ക് നീങ്ങാം. സഞ്ചരിക്കുന്ന വാഹനങ്ങളിലിരുന്നുകൊണ്ടുതന്നെ വെള്ളസിംഹം, മുതലകള്‍, ഹിപ്പോപ്പൊട്ടാമസ് തുടങ്ങിയവയെ നന്നായി കാണാനാവും. അറേബ്യന്‍ മരുഭൂമിയില്‍ കാണപ്പെടുന്ന എല്ലാ മൃഗങ്ങളും അറേബ്യന്‍ വില്ലേജിലുണ്ട്.

കേവലം ഒരു തുറന്ന മൃഗശാല എന്നസങ്കല്‍പ്പത്തിനും അപ്പുറത്താണ് ദുബായ് സഫാരി. മൃഗങ്ങള്‍ക്ക് പുറമേ, എല്ലാവര്‍ക്കും ഉല്ലസിക്കാവുന്ന വിധത്തിലുള്ള വിനോദസങ്കേതങ്ങളും റെസ്റ്റാറന്റുകളും സഫാരിയിലുണ്ട്. ജിറാഫിന് പുല്ല് കൊടുക്കുന്നതുള്‍പ്പെടെ കുട്ടികള്‍ക്ക് പ്രിയങ്കരമായ അവസരങ്ങളും ഒരുക്കിയിരിക്കുന്നു. പാര്‍ക്കിനകത്ത് സഞ്ചരിക്കാന്‍ വൈദ്യുതിയിലോടുന്ന വണ്ടികളും സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികളുമെല്ലാമുണ്ട്. സൗജന്യ വൈഫൈയാണ് മറ്റൊരു ആകര്‍ഷണം.

ചൊവ്വാഴ്ച കാലത്ത് പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു ദുബായ് സഫാരിയുടെ തുടക്കം. മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക സവാരി ഏര്‍പ്പെടുത്തിയിരുന്നു. ആറുമണിക്കൂര്‍ വരെ കാണാനുള്ളത് സഫാരിയിലുണ്ട്. 2020 ആവുമ്പോഴേക്കും അയ്യായിരം മൃഗങ്ങള്‍ ഉള്ള വലിയ സംവിധാനമായി ദുബായ് സഫാരി മാറ്റിയെടുക്കാനാണ് പദ്ധതി. ഇപ്പോള്‍ മുതിര്‍ന്നവര്‍ക്ക് 85-ഉം കുട്ടികള്‍ക്ക് 35-ഉം ദിര്‍ഹമാണ് പ്രവേശനഫീസ്. കാഴ്ചകള്‍ക്കൊപ്പം അവബോധവും നല്‍കുന്ന സംവിധാനംഒരു വന്യജീവിസങ്കേതം എന്നതിനപ്പുറമുള്ള കാര്യങ്ങളും സംവിധാനങ്ങളുമാണ് ദുബായ് സഫാരിയില്‍ ഒരുക്കിയിരിക്കുന്നത്. വനത്തിന്റെ പ്രാധാന്യവും ആവാസവ്യവസ്ഥകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കാനുതകുന്ന സംവിധാനമാണ് ഇവിടെ. വനസംരക്ഷണത്തിന്റെ പ്രാധാന്യവും ഇവിടെയെത്തുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവും. -ഹുസ്സൈന്‍ നാസര്‍ ലൂത്ത

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *