പ്രവാസികള്‍ക്ക് ഇനി ഇത് നിര്‍ബന്ധം… അറിയേണ്ടതെല്ലാം

ദോഹ : രാജ്യത്ത് ദേശീയ മേൽവിലാസ നിയമം ഉടൻ പ്രാബല്യത്തിൽ വരും. പൗരന്മാരും താമസക്കാരായ മുഴുവൻ പ്രവാസികളും തങ്ങളുടെ മേൽവിലാസ വിവരങ്ങൾ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് നിർദേശം.

2017ലെ 24-ാം നമ്പർ നിയമമാണു നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇ-സർക്കാരിന്റെ വികസന പദ്ധതികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണു നിയമം നടപ്പാക്കുന്നത്.

ഇതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രാലയത്തിലെ പൊതുസുരക്ഷ വിഭാഗത്തിലെ ദേശീയ മേൽവിലാസ വിഭാഗം മേധാവി ലെഫ.കേണൽ ഡോ.അബ്ദുല്ല സയിദ് അൽ സഹ്‌ലി പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തെ വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കുന്നതിനാണിത്. മേൽവിലാസ നിയമം പ്രാബല്യത്തിലായ ശേഷം റജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കും.

മെട്രാഷ് 2 വഴി റജിസ്റ്റർ ചെയ്യാം :

മെട്രാഷ് 2 വഴിയൊ മന്ത്രാലയത്തിലെ സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തിയൊ പൗരന്മാർക്കും താമസക്കാർക്കും തങ്ങളുടെ വിലാസം റജിസ്റ്റർ ചെയ്യാം. വ്യക്തികളുടെ വിലാസങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക ഓഫിസും അനുവദിക്കുന്നുണ്ട്. ഒനൈസ സേവന കേന്ദ്രത്തിലായിരിക്കും ദേശീയ മേൽവിലാസ വിഭാഗത്തിന്റെ ഓഫിസ് പ്രവർത്തിക്കുക.

ഔദ്യോഗിക റജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുന്ന തീയതി മുതൽ 6 മാസത്തിനുള്ളിൽ പൗരന്മാർ അല്ലെങ്കിൽ പ്രവാസി താമസക്കാർ തങ്ങളുടെ മേൽവിലാസം റജിസ്റ്റർ ചെയ്തില്ലെങ്കിൽ നിയമത്തിലെ ആർട്ടിക്കിൾ 6 പ്രകാരം ശിക്ഷാർഹമാണ്. 10,000 റിയാലിൽ കുറയാത്ത പിഴ നൽകേണ്ടി വരും.

വിവരം സാധുതയുള്ളതായി കണക്കാക്കുന്നതിനൊപ്പം അതിന്റെ എല്ലാ നിയമ ഉത്തരവാദിത്തങ്ങളും അതു നൽകുന്ന വ്യക്തിയിൽ നിക്ഷിപ്തമായിരിക്കും. ആർട്ടിക്കിൾ 3, 4 എന്നിവയിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ദേശീയ മേൽവിലാസം സംബന്ധിച്ച് റജിസ്റ്റർ ചെയ്തിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലും 10,000 റിയാലിൽ കുറയാത്ത പിഴ നൽകണം.

വ്യക്തിഗത മേൽവിലാസ വിവരങ്ങളാണ് റജിസ്റ്റർ ചെയ്യേണ്ടത്. വ്യക്തിഗത മേൽവിലാസം വ്യക്തികൾക്ക് നേരിട്ടും സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയുടെ മേൽവിലാസ വിവരങ്ങൾ അതതു കമ്പനികളുടെ (സ്ഥാപനങ്ങളുടെ) ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കും റജിസ്റ്റർ ചെയ്യാം.

താമസിക്കുന്ന വിലാസം, ലാൻ‍ഡ്‌ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സ്വദേശത്തെ സ്ഥിര മേൽവിലാസം എന്നിവയെല്ലാം റജിസ്റ്റർ ചെയ്യണം. സർക്കാർ, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ തങ്ങളുടെ തൊഴിലുടമയുടെ വിലാസവും നൽകണം. പ്രവാസികൾ തങ്ങളുടെ നാട്ടിലെ സ്ഥിര വിലാസവും നൽകണം.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് മക്കളുടെ വിവരങ്ങളും റജിസ്റ്റർ ചെയ്യാം. ഇൗ  വിവരങ്ങളുടെ ഉത്തരവാദിത്തം രക്ഷിതാക്കൾക്കായിരിക്കും.

റജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ പുതുക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാനുള്ള അനുമതിയുമുണ്ട്. മെട്രാഷ് 2 വഴിയൊ സേവന കേന്ദ്രങ്ങൾ വഴിയൊ ഇവ സാധ്യമാണ്. ആർട്ടിക്കിൾ 4ലെ വ്യവസ്ഥ അനുസരിച്ച് റജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ മാറ്റം വരുത്തുകയോ പുതുക്കുകയോ ചെയ്താൽ നിശ്ചിത ദിവസത്തിനുള്ളിൽ അക്കാര്യം കോംപീറ്റന്റ് അതോറിറ്റിയെ അറിയിച്ചിരിക്കണം.

ദേശീയ മേൽവിലാസ അധികൃതരുടെ ഔദ്യോഗിക വിജ്ഞാപനങ്ങളും പ്രഖ്യാപനങ്ങളും നിയമസാധുതയുള്ളതായിരിക്കും. സമർപ്പിക്കുന്ന വിവരങ്ങൾ പുതുക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെങ്കിൽ വിവരങ്ങൾ സാധുതയുള്ളതായും എല്ലാ നിയമ നടപടികൾക്കും ഉത്തരവാദിത്തമുള്ളതായും കോംപീറ്റന്റ് അതോറിറ്റി കണക്കാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *