മസ്കത്ത്:(gccnews.in) തെക്കൻ ശർഖിയയിൽ കാർഷിക മേഖലക്ക് വൻ ഭീഷണിയാവുന്ന വെട്ടുകിളികളെ നശിപ്പിക്കാൻ ശക്തമായ നടപടിയുമായി കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം.
മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കനുസരിച്ച് 2000 ഹെക്ടർ സ്ഥലത്താണ് വെട്ടുകിളികളെ നശിപ്പിക്കാനുള്ള കാമ്പയിൻ നടക്കുന്നത്. ഇവ പെറ്റുപെരുകാൻ സാധ്യതയുള്ള 181 സോണുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഈ സോണുകളെ കേന്ദ്രീകരിച്ചാണ് വെട്ടുകിളികളെ നശിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഒമാനിലെ നിലവിലെ കാലാവസ്ഥ വെട്ടുകിളികൾക്ക് പെറ്റുപെരുകാൻ അനുകൂലമാണെന്ന് അധികൃതർ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ലമഴ ലഭിച്ചതിനാൽ പച്ചപ്പുകൾ ധാരാളമായി വളരുന്നുണ്ട്. ഇത് പല ഗവർണറേറ്റുകളിലും വെട്ടുകിളികൾക്ക് പെറ്റുപെരുകാൻ അനുകൂല കാലാവസ്ഥ ഒരുക്കുന്നു.
ഇവയുടെ പ്രധാന പെറ്റുപെരുകൽ കേന്ദ്രം സൗദിയുടെയും യമന്റെയും ഒമാന്റെയും അതിർത്തിയിൽ കിടക്കുന്ന എംറ്റി ക്വാർട്ടറാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് വെട്ടുകിളികൾ യാത്ര പുറപ്പെടുന്നത്.
ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള യാത്രാമധ്യേ ഒമാനിലൂടെയാണ് വെട്ടുകിളിക്കൂട്ടങ്ങൾ യാത്ര ചെയ്യുന്നത്. ആയിരക്കണക്കിന് വെട്ടുകിളികൾ ഒന്നിച്ചാണ് യാത്ര നടത്തുന്നത്. ഇവ തിരിച്ചും ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്.
വഴിയിൽ തങ്ങുന്ന ഇടങ്ങളിൽ മുട്ടയിടുകയും ഇവയിൽനിന്ന് ആയിരക്കണക്കിന് വെട്ടുകിളികൾ ഉണ്ടാവുകയും ചെയ്യുന്നു. മുട്ട ആറു മാസംവരെ നശിക്കാതെ നിൽക്കും. യമൻ അടക്കമുള്ള രാജ്യങ്ങളിൽ ആഭ്യന്തര പ്രശ്നങ്ങൾ കാരണം വെട്ടുകിളികളെ നിയന്ത്രിക്കാൻ കഴിയാത്തതും വ്യാപനത്തിന് കാരണമാവുന്നു.
കഴിഞ്ഞ വർഷവും ഒമാനിൽ ഇതേ സീസണിൽ വെട്ടുകിളികൾ എത്തിയിരുന്നെങ്കിലും കർശന നിയന്ത്രണങ്ങൾ കാരണം ഇവയുണ്ടാക്കിയ നാശനഷ്ടങ്ങൾ കുറവായിരുന്നു.
ലോക ഭക്ഷ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ 10 രാജ്യങ്ങളിൽ വെട്ടുകിളി ആക്രമണം ഉണ്ടാവുന്നു. ഇത് 25 ദശലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. 2020ലാണ് ഒമാനിൽ രൂക്ഷമായ വെട്ടുകിളി ആക്രമണമുണ്ടായത്.
തെക്കൻ ശർഖിയ്യ, അൽ വുസ്ത, മസ്കത്ത് എന്നീ ഗവർണറേറ്റുകളെയാണ് വെട്ടുകിളി ശല്യം രൂക്ഷമായി ബാധിച്ചത്. ബൗഷർ, ഖുറം, അൽ ഖുവൈർ, വാദീ അദൈ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് വെട്ടുകിളിക്കൂട്ടങ്ങൾ എത്തിയിരുന്നു. ഇവ ഇന്ത്യയിലും പാകിസ്താനിലും വൻ കൃഷിനാശമാണ് വരുത്തിവെച്ചത്.
2014ന് ശേഷമുള്ള ഏറ്റവും വലിയ വെട്ടുകിളി ശല്യമായിരുന്നു 2020ലേത്. എന്നാൽ, രണ്ടു വർഷമായി ഒമാൻ മന്ത്രാലയം നടത്തുന്ന ശക്തമായ നടപടികൾ കാരണം വെട്ടുകിളി വ്യാപനം കുറഞ്ഞിരുന്നു.
വെട്ടുകിളികൾ മുട്ടയിടുന്നതും വളരുന്നതുമായ കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന രീതിയാണ് അധികൃതർ സ്വീകരിച്ചിരുന്നത്. ഹെലികോപ്ടറുകളുടെയും ഡ്രോണിന്റെയും മറ്റും സഹായത്തോടെയാണ് ഇവക്കെതിരെ കീടനാശിനികൾ തളിക്കുന്നത്.
#eradicate #locusts #which #major #threat #agricultural #sector