വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ
Dec 16, 2021 11:47 AM | By Kavya N

ദുബായ് : വിസ്മയക്കാഴ്ചകളും സമ്മാനങ്ങളുമായി 27ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) തുടങ്ങി. ആഘോഷപ്പൂരത്തിന് അരങ്ങുണർന്നതോടെ ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ. വൻ വിലക്കുറവിൽ ഷോപ്പിങ്, ലോകത്തിലെ സകല രുചിക്കൂട്ടുകളും നിരന്ന ഭക്ഷ്യമേളകൾ, വിനോദ-സാഹസിക പരിപാടികൾ, ഉല്ലാസ യാത്രകൾ എന്നിങ്ങനെ അടുത്തമാസം 30 വരെ രാപകൽ ആഘോഷം നടക്കും.

ഡിഎസ്എഫ് ആസ്വദിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ എത്തുന്നു. ലോകരാജ്യങ്ങൾ സംഗമിക്കുന്ന സാംസ്കാരിക-സാങ്കേതിക-നിക്ഷേപക മേളയായ എക്സ്പോയും ഡിഎസ്എഫും ഒരുമിക്കുന്ന അത്യപൂർവ ആഘോഷത്തിനാണ് ദുബായ് വേദിയാകുന്നത്. മെട്രോ, ക്രീക്, പാർക്കുകൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ്. നഗരത്തിൽ വർണാലങ്കാരങ്ങൾ നിറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ബുർജ് പാർക്കിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. ബുർജ് ഖലീഫയിൽ ലൈറ്റ്-ലേസർ ഷോ, ഡൗൺടൗണിൽ സ്വദേശി-രാജ്യാന്തര കലാകാരന്മാർ പങ്കെടുത്ത സംഗീത-നൃത്തപരിപാടികൾ, ഘോഷയാത്ര എന്നിവ സന്ദർശകർക്ക് അപൂർവ വിരുന്നായി. സംഗീത ജലധാരയിൽ മഴവിൽ വർണങ്ങൾ വിടർന്നു. ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ പ്രധാന മേഖലകളിൽ കരിമരുന്നു പ്രയോഗം ഉണ്ടായിരുന്നു.

എണ്ണമില്ലാതെ അരങ്ങുകൾ

ആഘോഷം ഏതാനും വേദികളിലൊതുങ്ങുന്നില്ലെന്നാണ് ഡിഎസ്എഫിന്റെ പ്രത്യേകത. ഗ്ലോബൽ വില്ലേജ്, പാർക്കുകൾ, ക്രീക്, മാളുകൾ, ഫെസ്റ്റിവൽ സിറ്റി, ദ് ബീച്ച്, ബ്ലൂ വാട്ടേഴ്സ് ഐലൻഡ് എന്നിവിടങ്ങളിലെല്ലാം ദിവസവും വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടാകും.

ഇന്ത്യയിൽ നിന്നടക്കമുള്ള വിഖ്യാത കലാകാരന്മാരും വിവിധ ദിവസങ്ങളിൽ എത്തും. ദുബായ് ഓപ്പറ, ക്യുഇ2 തിയറ്റർ, കോക്കകോള അരീന എന്നിവിടങ്ങളിൽ നാടകങ്ങൾ, സംഗീത-നൃത്തപരിപാടികൾ എന്നിവ അരങ്ങേറും. ഐഎംജി വേൾഡ് അഡ്വഞ്ചേഴ്സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ഫാഷൻ മേളയും ഉല്ലാസ പരിപാടികളും ആസ്വദിക്കാം.

അൽ ഷിന്ദഗ മ്യൂസിയം, പെർഫ്യൂം ഹൗസ്, ഹിസ്റ്റോറിക്കൽ ഡോക്യുമെന്റ് സെന്റർ, ഷറൂഖ് അൽ ഹദീദ് ആർക്കിയോളജിക്കൽ മ്യൂസിയം, വാട്ടർ ഫ്രണ്ട് മേഖല എന്നിവിടങ്ങളിൽ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളകളുമുണ്ടാകും. പെർഫ്യൂം ഹൗസിൽ ഊദ് ഉൾപ്പെടെയുള്ള അറേബ്യൻ സുഗന്ധലേപനങ്ങൾ വാങ്ങാം.

മാനത്ത് 'പൂക്കാലം'

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പുതുമകൾ പെയ്യുന്ന കരിമരുന്നു പ്രയോഗം ആസ്വദിക്കാം. ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ സീഫ്, ദുബായ് ക്രീക്, ദുബായ് ഫെയിം, ലാമെർ എന്നിവിടങ്ങളിൽ ഇന്നു രാത്രി 8.30നും ഫെസ്റ്റിവൽ സിറ്റിയിൽ 22 വരെ ദിവസവും ഉണ്ടാകും.

ഭാഗ്യവാഹനങ്ങൾ

ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും സ്വർണാഭരണങ്ങളും സ്വന്തമാക്കാം. നിസാൻ ഗ്രാൻഡ് നറുക്കെടുപ്പിൽ നിസാൻ ക്രിക്സ്, നിസാൻ പട്രോൾ, എക്സ് ടെറ, എക്സ് ട്രെയിൽ എന്നിവ നേടാൻ അവസരമുണ്ട്. തത്സമയ നറുക്കെടുപ്പിലൂടെ 2 ലക്ഷം സമ്മാനങ്ങൾ വിതരണം ചെയ്യും. ഇൻഫിനിറ്റി മെഗാ നറുക്കെടുപ്പിൽ ഇൻഫിനിറ്റി ക്യുഎക്സ്80 ആഡംബര വാഹനമാണു ലഭിക്കുക.

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പിൽ സ്വർണനാണയങ്ങളടക്കം കാത്തിരിക്കുന്നു. 500 ദിർഹത്തിന്റെ ആഭരണം വാങ്ങിയാൽ ഭാഗ്യശാലികൾക്ക് കാൽ കിലോ സ്വർണം ലഭിക്കും.

ദുബായ് ഷോപ്പിങ് മാൾസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നറുക്കെടുപ്പിൽ ഓരോ ആഴ്ചയും 10 ലക്ഷം ദിർഹം ലഭിക്കും.

ഡ്രോൺ ഘോഷയാത്ര

ബ്ലൂ വാട്ടേഴ്സ്, ദ് ബീച്ച്, ലോകത്തിലെ ഏറ്റവും വലിയ വിസ്മയചക്രം ഐൻ ദുബായ് എന്നിവിടങ്ങളിൽ ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെ ഡ്രോൺ ലൈറ്റ് ഷോ കാണാം. മധ്യപൂർവദേശത്തെ ഏറ്റവും ദൈർഘ്യമേറിയ ഡ്രോൺ ഷോയാകും അരങ്ങേറുക. ഐൻ ദുബായിൽ അലങ്കാര ദീപങ്ങൾ തെളിയും.





Great discount, taste; The beginning of the festivities, in the palm of the dream city of the world

Next TV

Related Stories
Top Stories










News Roundup