മസ്കത്ത്: ന്യൂനമർദ്ദത്തിന്‍റെ ഭാഗമായുള്ള കനത്ത മഴയിൽ ഒമാനിൽ രണ്ട് കുട്ടികൾ മരിച്ചു. ഇബ്രിയിലെ വാദിയിൽ അകപ്പെട്ടാണ് കുട്ടികൾ മുങ്ങി മരിച്ചത്.
അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതേസമയം, വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ. ആലിപ്പഴവും വർഷിച്ചു.
വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മറ്റും മാറി നിൽക്കണമെന്നും കപ്പൽ യാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
വാദി നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഇസ്‌കി-സിനാവ് റോഡിൽ ഗതാഗതം സ്തംഭിച്ചതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, തെക്കൻ ബത്തിന, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലാണ് മഴ ലഭിച്ചത്.
20 മുതൽ 50 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറഞ്ഞിട്ടുള്ളത്. മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽ തീരങ്ങളിലും രണ്ട് മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
മഴ കിട്ടിയ മസ്കത്തടക്കമുള്ള സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ് പലയിടത്തും കരുത്താർജിച്ചത്. വെള്ളിയാഴ്ചയും മഴ തുടരും. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ മഴയിൽ പുറത്തിറങ്ങരുതെന്ന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
#Two #children #died #Oman #heavy #rains #part #low #pressure