---
title: "#rain |ഒമാനിൽ കനത്ത മഴ തുടരുന്നു; മലയാളിയുൾ​പ്പെടെ 12 മരണം"
english_title: "#Heavy #rains #continue #Oman #12 #deaths #including #Malayalees"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/198786/heavy-rains-continue-oman-12-deaths-including-malayalees"
published_at: "2024-04-14T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661c01a7498a3_death.jpg"
keywords: []
---

# #rain |ഒമാനിൽ കനത്ത മഴ തുടരുന്നു; മലയാളിയുൾ​പ്പെടെ 12 മരണം

> **Lead Summary:** കനത്ത മഴയിൽ മലയാളിയുൾപ്പെടെ ഒമാനിൽ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ ആണ്​ ബിദിയയിലെ സനയയ്യിൽ മരിച്ചത്​.

## Article Content

കനത്ത മഴയിൽ മലയാളിയുൾപ്പെടെ ഒമാനിൽ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ ആണ്​ ബിദിയയിലെ സനയയ്യിൽ മരിച്ചത്​.

വാദി കുത്തിയൊലിച്ചതിനെ തുടർന്ന്​ ഇദ്ദേഹം നടത്തിയിരുന്ന വർക്ക്​ഷോപ്പിന്‍റെ ​ മതിൽ തകർന്നാണ്​ അപകടം​. ഞായറാഴ്ച ഉച്ചക്ക്​ ഒന്നര​യോടെയാണ്​ സംഭവം.

മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്​. ഇതിൽ ഒമ്പത്​ കുട്ടികളും ഉൾപ്പെടും. അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്​. നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട്​.

ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്​. ന്യൂനമർദത്തിന്‍റെ പശ്​ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ തുടരുന്നത്​.

പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്​. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുയാണെന്ന്​ അധികൃതർ വ്യക്​തമാക്കി.

കനത്ത മഴയുടെ പശ്​ചാതലത്തിൽ നാല്​ ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. മസ്‌കത്ത്, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കാണ്​ അവധി നൽകിയത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/198786/heavy-rains-continue-oman-12-deaths-including-malayalees)