മസ്കത്ത്: (gccnews.com) ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചയാൾക്ക് ഒ.ടി.പി (വൺ ടൈം പാസ്‌വേഡ്) ഷെയർ ചെയ്തതോടെ യുവതിയുടെ അകൗണ്ടിൽനിന്ന് നഷ്ടമായത് പതിനായിരം റിയാൽ.
തട്ടിപ്പ് നടത്തിയായാളെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരനായ വ്യക്തിയാണ് ബാങ്ക് ഉദ്യോഗസ്ഥനാണെന്നും അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്നും പറഞ്ഞ് യുവതിയെ വിളിച്ച് തട്ടിപ്പ് നടത്തിയത്.
ഇയാളുടെ ഔദ്യോഗിക ഭാഷ്യത്തോടെയുള്ള സംസാരത്തിൽ സംശയം ഒന്ന് തോന്നാത്തതിനാൽ യുവതി ഒ.ടി.പി കൈമാറുകയായിരുന്നു. ഉടൻതന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടപ്പോളാണ് തട്ടിപ്പിനിരായായതെന്ന് യുവതിക്ക് മനസിലായത്.
ഓൺലൈൻ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് റോയൽ ഒമാൻ പൊലീസും ബാങ്കിങ് അധികൃതരും ദിനേനെ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഇത്തരം സംഘം നടത്തുന്ന വലയിൽ പലരും അകപ്പെട്ടുപോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്‍റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്.
വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽ നിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്.
ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം.
#OTP #shared; #woman #lost #riyals #Oman