അബുദാബി: ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച യുവതിക്ക് യുഎഇയിലെ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടർന്ന് ഉണ്ടായ ബഹളങ്ങള്‍ക്കൊടുവിലായിരുന്നു സംഭവം.
യുവതിക്കും ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റു. യുഎഇയിലെ മാധ്യമമായ ഖലീജ് ടൈംസാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 വയസുകാരിയായ പ്രവാസി യുവതിയാണ് കേസിലെ പ്രതി. ദമ്പതികള്‍ക്കിടയിലുണ്ടായ തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
24കാരനായ ഭര്‍ത്താവ് ആദ്യം ഭാര്യയുടെ കരണത്തടിച്ചു. ഇതേ തുടര്‍ന്ന് അവരുടെ കേള്‍വി ശക്തിക്ക് രണ്ട് ശതമാനം കുറവുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തന്റെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു.
എന്നാല്‍ മറ്റൊരു വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം ഭാര്യ അംഗീകരിച്ചില്ലെന്നും പകരം തന്നെ അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. തര്‍ക്കം മൂത്തപ്പോള്‍ യുവതി ഭര്‍ത്താവിന്റെ കൈവിരലുകള്‍ പിടിച്ച് ശക്തിയായി തിരിക്കുകയായിരുന്നു.
ഇത് വിരലുകളിലെ അസ്ഥികളില്‍ പൊട്ടലുണ്ടാക്കി. ഇയാളുടെ പരാതിയിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Her husband's fingers were broken; Punishment for the young woman