റിയാദ്: (gcc.truevisionnews.com)പാരിസ് ഒളിമ്പിക്സ് 2024 ൽ സൗദി അറേബ്യയുടെ പങ്കാളിത്തം ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് സൗദി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സി.ഇ.ഒ ഖാലിദ് ബിൻ അബ്ദുല്ല അൽ ബക്കർ പറഞ്ഞു.
കായികരംഗത്ത് മികവ് കൈവരിക്കുന്നതും രാജ്യത്തെ യുവജനതക്കായി ഊർജസ്വലമായ ഒരു കായിക മേഖല കെട്ടിപ്പടുക്കുന്നതും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽപെട്ടതാണ്.
രാജ്യത്തെ കായിക മേഖലക്ക് ഒരു വിശിഷ്ടമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സംയോജിതവും സമഗ്രവുമായ ശ്രമങ്ങളുടെ ഭാഗവുമാണ് ‘പാരിസ് 2024’ലെ സൗദി അറേബ്യയുടെ സജീവ പങ്കാളിത്തമെന്നും അദ്ദേഹം വിശദീകരിച്ചു.
സ്പോർട്സ് മേഖലക്ക് സൗദി ഭരണകൂടം നിർലോഭമായ പിന്തുണയാണ് നൽകുന്നത്. കായിക മന്ത്രിയും ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ഫലപ്രദമായ നേതൃത്വം നൽകുകയും ചെയ്യുന്നു. ഈ ശ്രമങ്ങൾ പ്രതിഫലിക്കുന്നതാണ് ഒളിമ്പിക്സിലെ സൗദി പങ്കാളിത്തം.
സൗദി അത്ലറ്റുകളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി നിരവധി സംരംഭങ്ങൾ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം നടപ്പാക്കിയിട്ടുണ്ട്. കായിക മന്ത്രാലയവും ഒളിമ്പിക്സ് ആൻഡ് പാരാലിമ്പിക്സ് കമ്മിറ്റിയും ചേർന്നാണ് ഇത് നടപ്പാക്കുന്നത്.
ഒളിമ്പിക് ഗെയിംസിൽ സൗദിയിൽനിന്ന് പങ്കെടുക്കുന്ന അത്ലറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്തു. ഒളിമ്പിക്സിനു വേണ്ടി അത്ലറ്റുകളെ പരിശീലിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്ത ‘എലൈറ്റ് അത്ലറ്റ്സ് ഡെവലപ്മെൻറ് പ്രോഗ്രാം’ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ഭാഗമാണ്.
കൂടാതെ സ്പോർട്സ് സിസ്റ്റം, സൗദി ഗെയിംസ്, സ്പോർട്സ് അക്കാദമികൾ എന്നിവയെയും പുഷ്ടിപ്പെടുത്തുന്നതിനും വനിതകളെ ഈ രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള സംരംഭങ്ങളും ആരംഭിച്ചു.
2018ലാണ് സൗദി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം ആരംഭിച്ചത്. അന്ന് മുതൽ സ്പോർട്സ് രംഗത്തും ശ്രദ്ധയൂന്നുന്നു. നിരവധിപദ്ധതികൾ നടപ്പാക്കി.
‘മഹ്ദ്’ അക്കാദമി സ്ഥാപിച്ചത് അതിലൊന്നാണ്. ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിരവധി സംരംഭങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര, അന്തർദേശീയ കായികമേളകളിൽ മത്സരിക്കാനും രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിവുള്ള അത്ലറ്റുകളുടെ ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കായിക പ്രതിഭകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും പിന്തുണക്കാനും വിവിധ കായിക സംരംഭങ്ങളിലൂടെ ശ്രമം തുടരുകയാണ്.
വികസിത രാജ്യങ്ങൾ കൈവരിച്ച സ്പോർട്സ് വികസനത്തിനൊപ്പം സൗദിയും നിൽക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ‘ഫഖ്ർ’ എന്ന സംരംഭം പാരാലിമ്പിക് സ്പോർട്സിനെ പിന്തുണക്കാൻ ആരംഭിച്ചതാണ്.
വിഭിന്നശേഷിക്കാരുടെ വിവിധ കായിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധിപ്പിക്കാനും അവരുടെ കഴിവുകൾ തെളിയിക്കാനും അവർക്ക് തുല്യമായ അവസരങ്ങൾ നൽകാനും ഇത് ലക്ഷ്യമിടുന്നുവെന്നും സി.ഇ.ഒ അൽബക്കർ കൂട്ടിച്ചേർത്തു.
#olympics #also#goal #saudi #vision #2030 #khalidbinabdullah