മസ്കത്ത്: (gcc.truevisionnews.com) ആഘോഷരാവിലേക്ക് വാതിൽ തുറന്ന് മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിന് വർണാഭ തുടക്കം.
ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ തലസ്ഥാന നഗരിക്ക് പുത്തൻ കാഴ്ച അനുഭവമായിരിക്കും സമ്മാനിക്കുക.
പ്രമുഖരുടെ സാന്നിധ്യത്തിൽ മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു.
ആദ്യദിനത്തിൽതന്നെ ആയിരക്കണക്കിന് ആളുകളാണ് വേദിയിലേക്ക് ഒഴുകിയത്. എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 11 മണി വരെയാകും മസ്കത്ത് നൈറ്റ്സ് അനുബന്ധ പരിപാടികള്‍.
വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദ പരിപാടികള്‍ അരങ്ങേറും. പരിപാടികളെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും മസ്കത്ത് നൈറ്റ്സിന്റെയും സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകും.
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്.
സന്ദർശകരെ സഹായിക്കുന്നതിനായി, ബഹുഭാഷ കൈകാര്യം ചെയ്യുന്ന 500 ഓളം സന്നദ്ധപ്രവർത്തകരെ വിവിധ ഫെസ്റ്റിവൽ വേദികളിൽ ക്രമീകരിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. 700-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.
ഖുറം നാച്ചുറൽ പാർക്കിൽ ഫ്ലവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും.
ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബസികൾ പ്രതിനിധീകരിക്കുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് ചില പുതിയ സവിശേഷതകളാണ്.
ഗെയിമിങ് പ്ലാറ്റ്ഫോമുകൾ, ബോർഡ് ഗെയിമുകൾ, മത്സര റൗണ്ടുകൾ എന്നിവ ഉണ്ടാകും.
ഡിജിറ്റൽ ആർട്ട് എക്സിബിഷനുകൾ, ലൈവ് ഡ്രോയിങുകൾ, കോമിക് ബുക്ക് സാഹിത്യത്തെയും വിവിധ ജനപ്രിയ സംസ്കാരങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസ പ്രഭാഷണങ്ങൾ എന്നിവയും ഇവന്റിൽ പ്രദർശിപ്പിക്കും.
കുട്ടികൾക്ക് ആവേശം പകരാൻ വാർണർ ബ്രദേഴ്സ് കഥാപാത്രങ്ങൾ ഇപ്രാവശ്യം മേളയുടെ ഭാഗമായുണ്ട്.
തത്സമയ പ്രകടനങ്ങളോടെ മുഴുവൻ കുടുംബങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഇവയുടെ അവതരണം.
ഭക്ഷണ പ്രേമികൾക്കായുള്ള ഭക്ഷ്യമേള ഖുറം നാച്ചുറൽ പാർക്കിൽ ആയിരിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സിപ്ലൈനിങ്, മൗണ്ടൻ ബൈക്കിങ്, ഓഫ്-റോഡ് വെഹിക്കിൾ ചലഞ്ചുകൾ, ഹൈക്കിങ് ട്രയലുകൾ എന്നിവക്ക് വാദി അൽ ഖൗദ് വേദിയാകും.
ബീച്ച് ഫുട്ബാൾ, വോളിബാൾ, ഫയർ പെർഫോമൻസ് എന്നിവ അൽ ഹദീദ് ബീച്ചിൽ നടക്കും. കൂടാതെ, സാംസ്കാരിക കേന്ദ്രങ്ങളിൽ സാഹിത്യ സായാഹ്നങ്ങൾ, കലാ പ്രദർശനങ്ങൾ എന്നിവയും നടക്കും.
ഏകദേശം പത്തുലക്ഷത്തോളം സന്ദർശകരെ ഫെസ്റ്റിവൽ ആകർഷിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
പരമ്പരാഗതമായുള്ള സ്വദേശികളുടെ ജീവിത രീതികള്‍, ആഘോഷങ്ങള്‍, ആസ്വാദനങ്ങള്‍ എന്നിയുടെയെല്ലാം പ്രദര്‍ശനം ഇത്തവണയും തുടരും.
നസീം ഗാര്‍ഡനില്‍ വിനോദ പരിപാടികള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കമെങ്കിലും ആമിറാത്ത് പാര്‍ക്കില്‍ പ്രധാനമായും ഒമാനി പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും പ്രദര്‍ശനമാണ്.
#Now #beautifulnights #kicksoff #MuscatNightsFestival