സോഹാർ: (gcc.truevisionnews.com)കനത്ത ചൂടിന്റെ അന്തരീക്ഷം മാറിത്തുടങ്ങിയതോടെ രാജ്യം തണുപ്പ് കാലാവസ്ഥയെ വരവേൽക്കാനൊരുങ്ങുന്നു.
കഴിഞ്ഞ മാസങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്ത് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ 33 ഡിഗ്രി ആയി കുറഞ്ഞിട്ടുണ്ട്.
ന്യൂനമർദ മഴ ലഭിച്ചതോടെയാണ് പ്രദേശങ്ങളിൽ കാലാവസ്ഥ മാറ്റം കണ്ടുതുടങ്ങിയത്. ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.
വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തിരുന്നു. താപനില ഉയർന്ന വേളയിൽ ആളുകൾ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും മറ്റു വിനോദ കേന്ദ്രങ്ങളിലേക്കും കുടുംബങ്ങളും കുട്ടികളുമായുള്ള ഉല്ലാസ യാത്രകൾ പരിമിതപ്പെടുത്തിയിരുന്നു.
അസഹ്യമായ ചൂടുകാരണം മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലുമാണ് ആളുകൾ കൂടുതലായി എത്തിക്കൊണ്ടിരുന്നത്. അതുപോലെതന്നെ പാർക്കുകളിലും ബീച്ചുകളിലും കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയവർ മാളുകളിലെ ഫുഡ് കോർട്ടുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചൂടിൽ നിന്ന് രക്ഷതേടിയത്.
ശീതികരണ സജ്ജീകരണങ്ങളുള്ള ഇടങ്ങൾ ഉപയോഗപ്പെടുത്തിയാണ് ചിലരെങ്കിലും ചൂട് കാലാവസ്ഥയെ തരണം ചെയ്തത്. പ്രഭാത നടത്തവും തുറന്ന സ്ഥലത്തെ വ്യായാമവും ജിമ്മിലോ വീടിനകത്തേക്കോ മാറ്റുകയായിരുന്നു.
ഇപ്പോൾ വീണ്ടും പാർക്കുകൾ വൈകുന്നേരങ്ങളിൽ സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. ബീച്ചിലും ആളുകൾ എത്തിത്തുടങ്ങി. പ്രഭാത സവാരിക്കാർ പഴയതുപോലെ പാർക്കുകളിലും നടക്കാൻ തയാറാക്കിയ സ്ഥലങ്ങളിലും ആരോഗ്യ നടത്തം തുടങ്ങിക്കഴിഞ്ഞു.
മഴ ലഭിച്ചതോടെ ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉണ്ടായ പച്ചപ്പും കാണാൻ കൗതുകമുള്ള കാഴ്ചയായി മാറുകയാണ്.
മാസങ്ങളായി സജീവമല്ലാതിരുന്ന ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, ബാറ്റ്മിന്റൺ ടൂർണമെന്റുകൾ ഇനി സജീവമാകും. ഒഴിവു ദിനങ്ങളിൽ സജീവമാകുന്ന പ്രവാസികളുടെ കളികൾ ഗ്രൗണ്ടുകളിൽ ആവേശം വിതറും.
സംഘടനകളും കൂട്ടായ്മകളും നടത്തുന്ന പരിപാടികൾ ഫാം ഹൗസുകളിൽ സജീവമാകാൻ തുടങ്ങും. ചൂട് താഴ്ന്നതോടെ ഈ മേഖലയിലും ആളുകൾ എത്തിത്തുടങ്ങും.
ആഗസ്റ്റ് അവസാനമാകുമ്പോഴേക്കും ചൂട് പോയി തണുപ്പ് വരവറിയിക്കും. അതോടെ പരിപാടികൾ സജീവമാകും.
ഓണ പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിക്കാൻ സമയമായതോടെ അതിനായുള്ള ചർച്ചയും മീറ്റിങ്ങുകളും തുടങ്ങിക്കഴിഞ്ഞു.
വരുന്ന മാസം മുതൽ പ്രവാസ ലോകത്ത് പരിപാടികൾ സജീവമാകുന്ന കാലമാണ്.
#heat #decreases #visitors #crowd #park #beach