മസ്‌കത്ത്: (gcc.truevisionnews.com)സമാനതകളില്ലാത്ത ദുരിതമനുഭവിക്കുന്ന വയനാട്ടിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കായി സമ്പാദ്യമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ മസ്‌കത്ത് സെന്ററിലെ കുട്ടികള്‍.
വെള്ളിയാഴ്ച നടന്ന മസ്‌കത്ത് മേഖലാ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിനെത്തിയപ്പോഴാണ് കുട്ടികള്‍ കുടുക്കകളുമായെത്തിയത്.
'വയനാടിന് ഒരു ഡോളര്‍' എന്ന മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കടയുടെ അഭ്യര്‍ത്ഥന ആലേഖനം ചെയ്ത സംഭാവനപ്പെട്ടിയിലും കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ സ്‌നേഹം നിറച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനുബന്ധ ആഘോഷങ്ങളെല്ലാം ഒഴിവാക്കി മത്സര പരിപാടികള്‍ മാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു.
ജൂനിയര്‍ വിഭാഗത്തില്‍ റൂവി പഠന കേന്ദ്രത്തില്‍ നിന്നുള്ള ആലാപ് ഹരിദാസ് ഒന്നാം സ്ഥാനവും, സചേത് വിജയന്‍ രണ്ടാം സ്ഥാനവും, ഫാത്തിമ സിയ മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ധ്യാനാ നിധീഷ്‌കുമാര്‍ ഒന്നാം സ്ഥാനവും, ബിലാല്‍ ദാവൂദ് രണ്ടാം സ്ഥാനവും, അവന്തിക പ്രിയേഷ് മൂന്നാം സ്ഥാനവും നേടി. മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ സെക്രട്ടറി അനു ചന്ദ്രന്‍, ട്രഷറര്‍ പി ശ്രീകുമാര്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍, ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അംഗം നിധീഷ്‌കുമാര്‍, മലയാളം മിഷന്‍ ജോയിന്റ് സെക്രട്ടറിമാര്‍, മിഷന്‍ അധ്യാപകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
മേഖലാ തല മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ ഈ മാസം അവസാനത്തില്‍ സംഘടിപ്പിക്കുന്ന ചാപ്റ്റര്‍ തല മത്സരത്തില്‍ പങ്കെടുക്കുമെന്ന് മസ്‌കത്ത് മേഖലാ കോഓര്‍ഡിനേറ്റര്‍ സുനിത്ത് തെക്കടവന്‍ പറഞ്ഞു.
#children #malayalam #mission #oman #chapter #muscat #center #donate #wayanad #relief #fund