ദോഹ: (gcc.truevisionnews.com) അത്തം പിറന്ന് നാട്ടിലെങ്ങും ഓണപ്പൂവിളി ഉയർന്നു തുടങ്ങിയതിനു പിറകെ പ്രവാസലോകത്തും ഓണവിളികളായി.
പൂക്കളവും പൂവിളിയുമെല്ലാം ഗൃഹാതുര സ്മരണകളായി കൊണ്ടുനടക്കുന്ന പ്രവാസികളെ ഓണമെത്തിയെന്ന് അറിയിക്കുന്നത് വിപണിയിലെ ബഹളമാണ്.
സമൂഹ മാധ്യമങ്ങളിലും വാട്സാപ്പ് സന്ദേശങ്ങളിലും ഹോട്ടൽ കൗണ്ടറുകളിലുമെല്ലാം ഓണസദ്യയുടെ ബുക്കിങ് തിരക്ക്. പ്രവൃത്തിദിനത്തിലാണ് ഇത്തവണ തിരുവോണം എത്തുന്നതെന്നതിനാൽ ആർക്കും ഓണസദ്യ നഷ്ടമാവരുതെന്ന വാശിയോടെയാണ് വിപണിയിലെ ബഹളം.
ഹൈപ്പർമാർക്കറ്റുകൾ മുതൽ ചെറുതും വലുതുമായ ഹോട്ടലുകളും മെസ്സുകളുമെല്ലാമായി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. സെപ്റ്റംബർ15 ഞായറാഴ്ചയാണ് തിരുവോണം.
ഖത്തറിൽ വാരാന്ത്യ അവധി ദിനം കഴിഞ്ഞ ഓഫിസുകളിലെല്ലാം പിടിപ്പത് പണികളുമായി തിരക്കിലലിയുന്ന ദിവസം. എന്നാൽ, നാട്ടിലും വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളും വിഭവങ്ങളുമായി സദ്യയുണ്ണുേമ്പാൾ പ്രവാസത്തിലാണെങ്കിലും ഓണക്കോള് നഷ്ടമാക്കുന്നതെങ്ങനെ.
അവർക്കുള്ള പോംവഴിയായാണ് ഖത്തറിലെ വിപണിയിൽ ഓണസദ്യയുടെ തിരക്ക് ആരംഭിച്ചിരിക്കുന്നത്. 25 റിയാൽ മുതൽ മുകളിലോട്ട് വിവിധ നിരക്കുകളിൽ സദ്യകൾ ലഭ്യമാണ്.
കടലിനിക്കരെയാണെങ്കിലും നാട്ടുരുചിയോടെയുള്ള ഓണസദ്യ തീൻമേശയിലെത്തണമെന്ന് ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി വമ്പൻ ഓഫറുകളുമായാണ് സ്ഥാപനങ്ങൾ രംഗത്തുള്ളത്. തിരുവോണ നാളിലേക്ക് ദിവസങ്ങളടുത്തതോടെ എല്ലായിടത്തും ബുക്കിങ്ങും സജീവമായി.
വെള്ളി, ശനി വരെ ബുക്കിങ് സ്വീകരിക്കുകയും, ഞായറാഴ്ച രാവിലെ വിതരണം ആരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് മിക്ക ഇടങ്ങളിലും സദ്യ ഒരുക്കുന്നത്.
ഉപ്പും വെള്ളവും തൂശനിലയും മുതൽ അടപ്രഥമൻ, പാലട, പരിപ്പു പ്രഥമൻ ഉൾപ്പെടെ പായസങ്ങൾ അടങ്ങിയ കൂട്ടുകളുമായാണ് ഓരോ സ്ഥാപനങ്ങളും സദ്യ ഓഫറുകൾ നൽകുന്നത്. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലുവിൽ നേരത്തേ തന്നെ സദ്യ ബുക്കിങ് ആരംഭിച്ചു.
23 ഇനങ്ങളുള്ള വിഭവ സമൃദ്ധമായ സദ്യക്ക് 27.50 റിയാലാണ് വില. മുൻവർഷത്തേക്കാൾ വിലകുറച്ചാണ് ലുലു സദ്യ ബുക്കിങ് ആരംഭിച്ചത്.
സഫാരി ഹൈപ്പർമാർക്കറ്റിൽ 25വിഭവങ്ങളുള്ള സദ്യക്ക് 35 റിയാലാണ് നിരക്ക്. മൂന്ന് സദ്യ ബുക്ക് ചെയ്താൽ ഒരെണ്ണം സൗജന്യം എന്ന ഓഫറും സഫാരി ഉപഭോക്താക്കൾക്കായി നൽകുന്നു.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 26 ഇനം വിഭവങ്ങളടങ്ങിയ സദ്യക്ക് 26റിയാലാണ് നിരക്ക്. സിറ്റി ഹൈപ്പർമാർക്കറ്റ് 28 ഇന വിഭവങ്ങൾ 30 റിയാലിൽ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ കോഫി ഹൗസിൽ 30 ഇനങ്ങളുമായി ഡൈനിങ്ങും ടേക് എവേയുമായി സദ്യ ബുക്കിങ് ആരംഭിച്ചു.
38ഉം 40 റിയാലാണ് നിരക്ക്. കുറഞ്ഞ നിരക്കുകളും ഖത്തറിലെ വിവിധ ഹോട്ടലുകളിലും ഓണസദ്യ ഓഫർ സജീവമാണ്. ദോഹയിലെ ഹോട്ടൽ ഗ്രൂപ്പായ സെഞ്ച്വറിയിൽ 26 വിഭവങ്ങൾ അടങ്ങിയ സദ്യക്ക് 25 റിയാലാണ് നിരക്ക്.
റസ്റ്റാറന്റുകൾ പാർസലും ഡൈനിങ്ങും ഉൾപ്പെടെ സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് ഓണസദ്യക്ക് പ്രവാസികളെ സ്വാഗതം ചെയ്യുന്നത്.
പച്ചക്കറികളും ഓണപ്പുടവകളുമായും വിപണി സജീവമാണ്. നേരിട്ടെത്തി സാധനങ്ങൾ വാങ്ങി സ്വന്തമായി സദ്യവട്ടം ഒരുക്കുന്നവരും കുറവല്ലെന്ന് വ്യാപാരികൾ പറയുന്നു.
അരി മുതൽ പഴം പച്ചക്കറി ഉൾപ്പെടെ അവശ്യ സാധനങ്ങൾക്ക് മുൻ വർഷത്തേക്കാൾ വിലയേറിയിട്ടും നിരക്ക് കൂട്ടാതെയാണ് ഇത്തവണയും പ്രവാസികൾക്കായി ഓണമൊരുക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
#Hypermarkets #restaurants #catering #expatriates