റിയാദ്: (gcc.truevisionnews.com) സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചന ഹരജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും പരിഗണിക്കും.
ഡിസംബർ 12ന് (വ്യാഴം) ഉച്ചക്ക് 12.30നാണ് അടുത്ത സിറ്റിങ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും അറിയിച്ചു.
ഞായറാഴ്ച റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിനൊടുവിൽ അന്തിമ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ഓൺലൈനായി നടന്ന സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും അദ്ദേഹത്തിന്‍റെ അഭിഭാഷകനും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂരും പങ്കെടുത്തു.
മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയിൽ നടന്നത്.
ഒന്നര കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു.
ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്നും പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി.
ഡിംസബർ എട്ടിലേക്കാണ് അടുത്ത സിറ്റിങ് നിശ്ചയിച്ചത്. അത് പ്രകാരം രാവിലെ 11.30ഓടെ കേസ് വീണ്ടും പരിഗണിച്ച കോടതി എല്ലാ തലങ്ങളിലെയും സൂക്ഷ്മപരിശോധനക്കൊടുവിൽ വിധി പറയാനായി മാറ്റുകയായിരുന്നു.
#Rahim #release #plea #Riyadh #court #consider #four #days