ദുബായ്: പൊതുഗതാഗത ശൃംഖലയിലേക്ക് ഈ വർഷം എത്തുന്നത് 40 ഇലക്ട്രിക് ബസുകൾ. പൊതുഗതാഗതം ഹരിതമാക്കുന്നതിന്റെ ഭാഗമായാണ് ആർടിഎയുടെ സുപ്രധാന നീക്കം.
ദുബായിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇ –ബസുകളുടെ പരീക്ഷണ ഓട്ടമാണിപ്പോൾ നടക്കുന്നത്. ബസുകൾക്കായി ആധുനിക ചാർജിങ് യൂണിറ്റുകളും വിവിധ മേഖലകളിൽ സ്ഥാപിക്കും.
ദുബായിലെ ഭാവി ഗതാഗതം ഇത്തരം പ്രകൃതി സൗഹൃദ വാഹനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. 30 ഇ– ബസുകളുടെ റൂട്ട് നിശ്ചയിച്ചു കഴിഞ്ഞു.
ദുബായ് മാൾ, ബിസിനസ് ബേ, അൽ വാസൽ മേഖലകൾ ഇതിൽ ഉൾപ്പെടും. ഇതിനു പുറമെ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്കും പ്രത്യേക പാതയിലൂടെ സർവീസ് നടത്താൻ വഴിയൊരുക്കും. ഇതു സംബന്ധിച്ച വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കും.
2050 ആകുന്നതോടെ പൊതുഗതാഗത മേഖലയിൽ സമഗ്ര കാർബൺ നിർമാർജന പദ്ധതിയാണ് ആർടിഎ ലക്ഷ്യമിടുന്നത്.
മധ്യപൗരസ്ത്യ ദേശങ്ങളിലെ ആദ്യത്തെ കാർബൺ രഹിത പൊതുഗതാഗത സംവിധാനം യുഎഇയിലായിരിക്കുമെന്നും ആർടിഎ അവകാശപ്പെട്ടു.
പൊതുഗതാഗതം, ആർടിഎ കെട്ടിടങ്ങൾ, മാലിന്യ സംസ്കരണം എന്നിവയെല്ലാം പ്രകൃതി സൗഹൃദമാക്കുകയാണ് ദൗത്യം. ഇതുവരെ 187 റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷം മാത്രം 11 പുതിയ റൂട്ടുകളിലാണ് ആർടിഎയുടെ ബസ് സർവീസ് ആരംഭിച്ചത്.
#RTA #major #move #make #public #transport #greener #40 #more #e-buses #Dubai #roads