അബുദാബി: (gcc.truevisionnews.com) പെരുന്നാൾ അവധി ദിനങ്ങളിൽ ഗതാഗത സുരക്ഷയ്ക്കും പൊതുജന സംരക്ഷണത്തിനുമായി അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി.
മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളെ റോഡിലും സീബ്രാ ക്രോസിലും ഇറക്കരുതെന്നും ആഘോഷ വേളയിൽ മുൻകരുതൽ സ്വീകരിക്കണമെന്നും അഭ്യർഥിച്ചു. വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കുക, അടിയന്തിര വാഹനങ്ങൾക്ക് വഴി നൽകുക, റോഡിൽ വാഹനവുമായി അഭ്യാസപ്രകടനം ഒഴിവാക്കുക, മോശം പെരുമാറ്റം ഒഴിവാക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ.
പെരുന്നാൾ ആഘോഷത്തിന് പൊലിമ കൂട്ടാൻ അനധികൃതമായി പടക്കം പൊട്ടിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പു നൽകി. ഇക്കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾ മുന്നോട്ടുവരണം.
നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. അനധികൃത കച്ചവടക്കാർക്കെതിരെയും കടുത്ത നടപടിയുണ്ടാകും. നിയമ ലംഘകരെക്കുറിച്ച് 999 എന്ന നമ്പറിലോ 8002626 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണം.
#AbuDhabi #Police #tightens #security #Eid #Fines #dirhams #bursting #firecrackers