ദുബായ്: (gcc.truevisionnews.com) പകർച്ചവ്യാധികൾ തടയുന്നതിനും പൊതുജനാരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി ദുബായിൽ പൊതുജനാരോഗ്യ നിയമം പാസാക്കി. പകർച്ചവ്യാധികൾ പടരുന്നത് തടയാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
സാംക്രമിക രോഗം ബാധിച്ചവരോ സംശയിക്കപ്പെടുന്നവരോ ആശുപത്രിയിലേക്കൊഴികെ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡിഎച്ച്എ) അനുമതിയില്ലാതെ യാത്ര ചെയ്യരുത്. രോഗം പടരാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.
അണുബാധ മറച്ചുവയ്ക്കുകയോ, പടരാനുള്ള സാഹചര്യം മനഃപൂർവമോ അല്ലാതെയോ ഉണ്ടാക്കുന്നതും നിരോധിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികൾ കർശനമായി പാലിക്കണം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം പ്രാബല്യത്തിൽ വരും.
പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി, ദുബായ് അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയെ ചുമതലപ്പെടുത്തി.
ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുള്ള പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലകളും നിയമത്തിൽ വിശദീകരിക്കുന്നുണ്ട്. യാത്രക്കാർ ഔദ്യോഗിക ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുകയും ദുബായിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യവിവരങ്ങൾ വെളിപ്പെടുത്തുകയും വേണം.
മാർഗനിർദേശങ്ങൾക്കു വിധേയമായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങി ശുചിത്വ നടപടികളും കർശനമായി പാലിക്കണം. ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ, സംഭരണ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യസുരക്ഷാ നിയമവും കടുപ്പിച്ചു.
ദുബായിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങളും ബന്ധപ്പെട്ട അധികാരികളും നിയമം നടപ്പാക്കണമെന്നും നിർദേശിക്കുന്നു. നിയമലംഘകർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
#New #publichealth #law #UAE #Aims #comprehensive #progress #healthsector