മസ്‌കത്ത് : (gcc.truevisionnews.com) ഒമാൻ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ മസ്‌കത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സയീദിന്റെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യം ആദ്യ ദിവസത്തെ പ്രധാന ആകർഷണമായിരുന്നു.
പുസ്തകമേള മേയ് മൂന്ന് വരെ നീണ്ടുനിൽക്കും. ഇത്തവണത്തെ അതിഥി ഗവർണറേറ്റ് വടക്കൻ ശർഖിയയാണ്. മേളയിൽ ശർഖിയയുടെ സാംസ്‌കാരിക തനിമയും പൈതൃകവും പ്രത്യേകമായി അടയാളപ്പെടുത്തും.
പത്ത് ദിവസങ്ങളിലായി നടക്കുന്ന പുസ്തകമേളയിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ചകളിൽ പ്രവേശനം വൈകീട്ട് 4 മണിക്കായിരിക്കും.
സ്കൂൾ വിദ്യാർഥികൾക്കും സ്ത്രീകൾക്കും പ്രവേശനത്തിന് മുൻഗണന നൽകും. മേളയിലെത്തുന്ന പുസ്തകങ്ങളിൽ 213,610 എണ്ണം വിദേശ പ്രസാധകരുടേതാണ്. 34 രാജ്യങ്ങളിൽ നിന്നായി 674 പ്രസാധകരും 681,041 പുസ്തകങ്ങളുമാണ് മേളയിലുള്ളത്.
സാംസ്‌കാരിക വേദികൾ, സംവാദങ്ങൾ, അതിഥികളും എഴുത്തുകാരുമായുള്ള ചർച്ചകൾ, പുസ്തക പ്രകാശനങ്ങള്‍ എന്നിവയോടെ പുസ്തകമേള അടുത്ത ദിവസങ്ങളിൽ സജീവമാകും.
#MuscatInternationalBookFair #gets #great #start