മനാമ : (gcc.truevisionnews.com) ഇന്ത്യ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന്റെ നാലാമത് പതിപ്പ് മേയ് 2 മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കും. ഇന്ത്യയിൽ നിന്നും ബഹ്‌റൈനിൽ നിന്നുമുള്ള പ്രമുഖ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
മേയ് 2ന് പ്രമുഖ സംഗീതജ്ഞൻ സന്ദീപ് നാരായണന്റെ കർണാടക സംഗീത കച്ചേരിയോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മൃദംഗത്തിൽ കെ.വി. പ്രസാദും വയലിനിൽ ബി. അനന്തകൃഷ്ണനും അകമ്പടി സേവിക്കും.
മേയ് 3ന് മാൻഡലിൻ സംഗീതജ്ഞൻ യു. രാജേഷിന്റെ കച്ചേരി നടക്കും. മൃദംഗത്തിൽ കെ.വി. പ്രസാദും ഗഞ്ചിറയിൽ എസ്. സെൽവ ഗണേഷും പക്കമേളം വായിക്കും. മേയ് 8ന് നർത്തകി മേതിൽ ദേവികയുടെ മോഹിനിയാട്ടം അരങ്ങേറും. വടക്കേ മലബാറിലെ മുച്ചിലോട്ട് ഭഗവതിയുടെ കഥയെ ആസ്പദമാക്കിയുള്ള 'ഉച്ചില' എന്ന മോഹിനിയാട്ട രൂപമാണ് അവതരിപ്പിക്കുന്നത്.
മേയ് 9ന് ചലച്ചിത്രതാരം ആശാ ശരത്തും മകൾ ഉത്തരാ ശരത്തും ചേർന്ന് ഭരതനാട്യം അവതരിപ്പിക്കും. മേയ് 10ന് അറബിക് കലാകാരൻ മുഹമ്മദ് അസീരിയുടെ സംഗീത പരിപാടി നടക്കും. വോക്കലിനൊപ്പം അറബിക് സംഗീത ഉപകരണമായ ഖ്അനോണിലും അദ്ദേഹം സംഗീതം അവതരിപ്പിക്കും.
മേയ് 15ന് ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ വൈക്കം വിജയലക്ഷ്മിയുടെ സംഗീതക്കച്ചേരി നടക്കും. വായ്പ്പാട്ടിനൊപ്പം ഗായത്രിവീണയും വിജയലക്ഷ്മി അവതരിപ്പിക്കും. ഇടപ്പള്ളി അജിത്ത് (വയലിൻ), ഡോ. ജി. ബാബു (മൃദംഗം), ആദിച്ചനെല്ലൂർ അനിൽകുമാർ (ഘടം) എന്നിവർ പക്കമേളം ഒരുക്കും.
മേയ് 16ന് കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരിയോടെ ഉത്സവം സമാപിക്കും. ഇടപ്പള്ളി അജിത്ത് (വയലിൻ), ഡോ. ജി. ബാബു (മൃദംഗം), ആദിച്ചനെല്ലൂർ അനിൽകുമാർ (ഘടം) എന്നിവർ അന്നേദിവസവും പക്കമേളമൊരുക്കും.
പ്രവേശനം സൗജന്യമാണെങ്കിലും ഇഷ്ടപ്പെട്ട ഇരിപ്പിടങ്ങൾ ആവശ്യമുള്ളവർക്ക് പാസുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 17251878, 36129714, 39991972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
#Freeentry #India #Bahrain #dance #musicfestival #May