May 2, 2025 10:28 AM

(gcc.truevisionnews.com) കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കള്‍. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പ്രശ്‌നമില്ലെന്ന് മാത്രമല്ല, നല്ല സ്‌നേഹത്തിലുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട കുട്ടികളായിരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കും. സാമ്പത്തികമായും ഇരുവര്‍ക്കും പ്രശ്‌നങ്ങളില്ല. കുട്ടികളെ കൂടെകൂട്ടി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ഇരുന്നതാണ് – സൂരജിന്റെ ബന്ധു പറഞ്ഞു.

മരണം നടന്നു എന്നതില്‍ കവിഞ്ഞ് മറ്റു വിവരങ്ങള്‍ അറിയില്ലെന്ന് മറ്റൊരു ബന്ധു പ്രതികരിച്ചു. പൊലീസ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം വീട്ടിലെത്തി സ്വാഭാവികമായി സംസാരിച്ചതാണ്. അതിന് ശേഷം എന്തു സംഭവിച്ചുവെന്ന് അറിയില്ല -അദ്ദേഹം പറഞ്ഞു.

ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അവധി കഴിഞ്ഞ് സന്തോഷത്തോടെയാണ് കുവൈറ്റിലേക്ക് മടങ്ങിയത്. ഇരുവരും ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.

നഴ്സ് ദമ്പതികളുടെ മരണം: കുവൈത്ത് പൊലീസ് റിപ്പോർട്ടിൽ കണ്ടെത്തൽ, 'യുവതിയെ കൊലപ്പെടുത്തി ഭർത്താവിന്റെ ആത്മഹത്യ'

കുവൈറ്റ് സിറ്റി: (gcc.truevisionnews.com) വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു. പൊലീസ് റിപ്പോർട്ട് പ്രകാരം, അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം ലഭിച്ചു. തുടർന്നാണ് ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയത്.

പൊലീസ് അബ്ബാസിയയിലെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആദ്യത്തേത് കഴുത്തറത്ത നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടേതാണ്, അവരുടെ രക്തം ഹാളിൽ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാത്രിയിൽ ദമ്പതികൾ തമ്മിൽ വഴക്കിടുന്നതിന്റെയും, സ്ത്രീ നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടതായി അയൽക്കാർ മൊഴി നൽകി. എന്നാൽ വാതിൽ അടച്ചിരുന്നതിനാൽ അവർക്ക് ഇടപെടാൻ സാധിച്ചില്ലെന്നും പൊലീസിനോട് അവര്‍ വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ രണ്ട് മൃതദേഹങ്ങളും പരിശോധിച്ച ശേഷം, അപകടസ്ഥലത്ത് വിരലടയാളം എടുക്കാനും രണ്ട് മൃതദേഹങ്ങളും ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റാനും ഉത്തരവിടുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് രണ്ടുപേരും മക്കളായ ഈവ്ലിൻ , എയ്ഡൻ എന്നിവരെ നാട്ടിലാക്കി ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം തിരിച്ച് കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാനായി നടപടികൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് സംഭവം.

ഇതിന്റെ ഭാഗമായി മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. മരണപ്പെട്ട സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമായിരുന്നു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

family mourns death malayali couple kuwait

Next TV

Top Stories










News Roundup