മക്ക: (gcc.truevisionnews.com) ഈ വർഷത്തെ ഹജ് കർമ്മങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി മക്കയിൽ കർശന നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജിന്റെ ഒരുക്കങ്ങൾക്കിടെ മക്ക പരിധിയിൽ സന്ദർശക (വിസിറ്റ്), ഉംറ വീസകളിൽ എത്തി തങ്ങുന്നവരെ ലക്ഷ്യമിട്ടുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
ഈ മേഖലയിൽ ഹജ് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ വീസിറ്റ്, ഉംറ വീസയിൽ എത്തിയ ഒട്ടറെ പേരെ പൊലീസ് പിടികൂടി. സന്ദർശക വീസയിലെത്തി മക്കയിൽ തങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്നലെ മാത്രം 42 പേരെ പിടികൂടിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു.
ഒരു കെട്ടിടത്തിൽ നിന്നാണ് ഇത്രയും പേരെ കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ ഹജ് നിർവഹിക്കാൻ അനധികൃതമായി നൂറുകണക്കിന് പേർ ശ്രമിച്ചത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യം ഇത്തവണ ഒഴിവാക്കുന്നതിനും ഹജ് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആഭ്യന്തര മന്ത്രാലയവും ഹജ് സുരക്ഷാസേനയും പരിശോധനകൾ ശക്തമാക്കിയത്.
വീസിറ്റ് വീസയിൽ മക്കയിൽ തങ്ങുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ഇവർക്ക് ഒരു ലക്ഷം റിയാലാണ് പിഴ ചുമത്തുക. നിയമലംഘകരായ സന്ദർശക വീസക്കാർക്ക് 20000 റിയാലാണ് പിഴ. നിയമലംഘകരെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Hajj security tightened Mecca ten arrested for arriving visit and visitor visas