ദുബൈ: (gcc.truevisionnews.com) ദുബൈയിലെ ബുർജ്മാൻ മാളിൽ ടിക്കറ്റ് രഹിത പെയ്ഡ് പാർക്കിങ് സംവിധാനം ആരംഭിച്ചു. പാർക്കിങ് നിരക്കുകളിൽ മാറ്റമില്ല. നിയമം ലംഘിക്കുന്നവർക്ക് 250 ദിർഹം വരെ പിഴ ചുമത്തും. ദുബൈയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ മാൾ ഓഫ് എമിറേറ്റ്‌സ്, ദുബൈ മാൾ, ദേര സിറ്റി സെന്റർ എന്നിവയിൽ ഏർപ്പെടുത്തിയ സ്മാർട് ടിക്കറ്റിങ് സംവിധാനമാണ് ബുർജ്മാൻ മാളിനും നടപ്പാക്കുന്നത്.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാർക്കിങ് സംവിധാനം പ്രവർത്തിക്കുക. പ്രവേശന കവാടത്തിൽ ടിക്കറ്റുകളോ ബാർകോഡ് സ്‌കാനറോ പഞ്ച് ബട്ടണോ ഉണ്ടാകില്ല. എന്നാൽ ബാരിയറുകൾ ഉണ്ടാകും.
റെക്കഗ്‌നിഷൻ ക്യാമറകളാണ് വാഹനം സ്‌കാൻ ചെയ്യുക. പേയ്‌മെന്റ് മെഷിൻ വഴി വാഹനം വാലിഡേറ്റ് ചെയ്യണം. പുറത്തുപോകുന്ന വേളയിൽ എക്‌സിറ്റ് പോയിന്റിൽ കാർഡ് വഴി മാത്രമേ പണമടക്കാനാകൂ. പണം സ്വീകരിക്കില്ല. പണമടച്ച് പതിനഞ്ചു മിനിറ്റിനുള്ളിൽ വാഹനം പുറത്തുകടക്കണം.
മാളിലെത്തുന്ന ആദ്യ മൂന്നു മണിക്കൂർ പാർക്കിങ് സൗജന്യമാണ്. ഓരോ അധിക മണിക്കൂറിനും ഇരുപത് ദിർഹം നൽകണം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യ പാർക്കിങ് തുടരും. വോക്‌സ് സിനിമാ തിയറ്ററിലേക്ക് വരുന്നവർക്ക് മൂന്നു മണിക്കൂർ അധിക സൗജന്യ പാർക്കിങ് ലഭിക്കും.
ആറു മണിക്കൂറിന് ശേഷം മാത്രമേ വാഹനങ്ങൾക്ക് വീണ്ടും സൗജന്യ പ്രവേശം അനുവദിക്കൂ. തെറ്റായ പാർക്കിങ്ങിനും പാർക്കിങ് ദുരുപയോഗത്തിനുമുള്ള പിഴ 250 ദിർഹമാക്കി വർധിപ്പിച്ചു. രാത്രി മുഴുവൻ നീണ്ട പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. ഇതു ലംഘിച്ചാൽ 350 ദിർഹമാണ് പിഴ.
Ticketless paid parking system launched Burjuman Mall