ജിദ്ദ: (gcc.truevisionnews.com) വിവിധ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ മുൻസിപ്പാലിറ്റി അധികൃതർ നടത്തിയ ഫീൽഡ് പരിശോധനയിൽ ജിദ്ദയിൽ 9.6 ടൺ കേടായ മാംസവും കാലഹരണപ്പെട്ട 420 കിലോ ഭക്ഷണ സാധനങ്ങളും പിടികൂടി.
രഹസ്യ വെയർഹൗസുകളായി പ്രവർത്തിക്കുന്ന മൂന്ന് വീടുകളിൽ 25 വലിയ റഫ്രിജറേറ്ററുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കേടായ മാംസ ഉൽപന്നങ്ങൾ. ശീതീകരിച്ച കോഴി ഉൽപന്നങ്ങൾ ഉൾപ്പെടെ 420 കിലോഗ്രാം കാലഹരണപ്പെട്ട ഭക്ഷണ പദാർഥങ്ങളും പിടിച്ചെടുത്തു.
ഉൽപന്നങ്ങളെല്ലാം ഉടനടി അധികൃതർ നശിപ്പിക്കുകയും ആവശ്യമായ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഉണക്കിയ സാധനങ്ങൾ, പാനീയങ്ങൾ, ഡിറ്റർജന്റുകൾ, വീട്ടുപകരണങ്ങൾ, ബേബി ഫോർമുല എന്നിവയുൾപ്പെടെ 900 ബോക്സ് ഉപയോഗയോഗ്യമായ ഭക്ഷണവും ഉപഭോക്തൃ വസ്തുക്കളും പരിശോധനാ സംഘങ്ങൾ കണ്ടുകെട്ടുകയും ചാരിറ്റി വിഭാഗത്തിന് കൈമാറുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യവുമായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, സുരക്ഷ ഏജൻസികൾ എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് ഫീൽഡ് കാമ്പയിനുകൾ നടന്നത്.
സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ ഭക്ഷണ സംഭരണ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സെക്രട്ടേറിയറ്റ് നടത്തുന്ന ഫീൽഡ് കാമ്പയിനുകളുടെ തുടർച്ചയായാണ് ഇത്.
Food safety tons spoiled meat seized Jeddah