മനാമ: (gcc.truevisionnews.com) പൊതുപാർക്കുകളിൽ കാമറ സ്ഥാപിക്കാനൊരുങ്ങി മുഹറഖ് മുനിസിപ്പാലിറ്റി. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തെത്തുടർന്നാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. ലഹരി ഉപയോഗവും നശീകരണ പ്രവണതയും വർധിച്ചതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കൗൺസിലർ മുഹമ്മദ് അൽ മഹ്മൂദാണ് ആവശ്യം മുന്നോട്ടുവെച്ചത്.
ഇത്തരം വിരുദ്ധരുടെ അഴിഞ്ഞാട്ടം പ്രദേശവാസികളായ കുടുംബങ്ങൾക്ക് സമാധാനം നഷ്ടപ്പെടുത്തുന്നുവെന്നും സുരക്ഷിതത്വം ഇല്ലാതായെന്നും പാർക്കിലെ വസ്തുക്കൾ നശിപ്പിക്കപ്പെടുന്നത് പതിവായിക്കൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് അൽ മഹ്മൂദ് പറഞ്ഞു.
ഇതിനായി 24 മണിക്കൂറും പ്രദേശം നിരീക്ഷണത്തിലാക്കണം. അതിനായി കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്ന കാമറകൾ സ്ഥാപിക്കണമെന്നും ചുരുങ്ങിയത് ഒരുമാസത്തേക്ക് ഫൂട്ടേജുകൾ സൂക്ഷിക്കണമെന്നും നിർദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൂടാതെ ആഭ്യന്തര മന്ത്രാലയവുമായോ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചോ അല്ലെങ്കിൽ ലൈസൻസുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നോ പ്രദേശത്ത് സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പദ്ധതി നിലവിൽ പ്രധാന പാർക്കുകളിൽ സ്ഥാപിച്ചു തുടങ്ങാമെന്നും പിന്നീട് ഘട്ടം ഘട്ടമായി മറ്റു പൊതുഇടങ്ങളിലേക്ക് വ്യാപിപ്പിക്കാമെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് പറഞ്ഞു.
Anti social elements Muharraq Municipality install cameras public parks