മക്ക: (gcc.truevisionnews.com) മതിയായ രേഖകളില്ലാതെ ഹജ്ജിനെത്തിയാൽ കനത്തപിഴയും പത്ത് വർഷം വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക ഹജ്ജ് വിസ ഒഴികെയുള്ള എല്ലാ തരത്തിലുമുള്ള സന്ദർശന വിസക്കാർക്കും ഹജ്ജ് തീർത്ഥാടനം ചെയ്യാൻ അർഹതയില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ദുൽ-ഖിഅദ് ആദ്യ ദിവസത്തിനും ദുൽ-ഹജ്ജ് 14-ാം ദിവസത്തിന്റെ അവസാനത്തിനും ഇടയിൽ കൃത്യമായ വിസയില്ലാതെ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
കൃത്യമായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും 10 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനത്തോടെയും സുഖസൗകര്യങ്ങളോടെയും തങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കുന്നതിനുമായി ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും എല്ലാ താമസക്കാരും സന്ദർശകരും പൗരന്മാരും കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ നിന്ന് 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Saudi Arabia warns heavy fines and ten year ban for those who go Hajj visitor visa