ദുബൈ: നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ ഇത്തവണയെത്തിയത് 1.05 കോടി സന്ദർശകർ. ഞായറാഴ്ച സമാപിച്ച 29 സീസണിന്റെ വൻ വിജയം സംബന്ധിച്ച് ദുബൈ ഹോൾഡിങ് എന്റർടൈൻമെന്റ് സി.ഇ.ഒ ഫെർണാൻഡോ ഇറോയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തേക്കാൾ ലക്ഷക്കണക്കിന് സന്ദർശകരാണ് ഇത്തവണ കൂടുതലായി എത്തിച്ചേർന്നത്. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ സീസൺ ഞായറാഴ്ച കരിമരുന്ന് പ്രയോഗത്തോടെയാണ് സമാപിച്ചത്.
വിപുലമായ സംവിധാനങ്ങളോടെ നടന്ന ഇത്തവണത്തെ സീസണിൽ 3,500ലേറെ ഷോപ്പിങ് ഔട്ലെറ്റുകൾ, 250ലേറെ ഭക്ഷണശാലകൾ, കാർണിവൽ, എക്സ്പോ പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി എക്സ് ചാലഞ്ച് സോൺ എന്നിവിടങ്ങളിലായി 200ലേറെ റെയിഡുകളും ഗെയിമുകളും ഒരുക്കിയിരുന്നു.
2024 ഒക്ടോബർ 16ന് ആരംഭിച്ച സീസൺ 29ൽ പുതുമകളോടെയാണ് ഇത്തവണ അണിയിച്ചൊരുക്കിയത്. 1997ൽ ഒരു റീട്ടെയിൽ കിയോസ്ക് ക്ലസ്റ്ററായി ആരംഭിച്ച ഗ്ലോബൽ വില്ലേജ് ദുബൈയിലെ മുൻനിര സീസണൽ ആകർഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഈ സീസണിൽ 30 പവിലിയനുകളിലായി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രദർശനങ്ങളും പരിപാടികളും ഒരുക്കിയിരുന്നു. ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവിലിയനിലും ആയിരക്കണക്കിന് സന്ദർശകരാണ് ഇത്തവണ എത്തിയത്. അടുത്ത സീസൺ ഈ വർഷം ഒക്ടോബറിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More than one million visitors visited Global Village