കുവൈത്ത് സിറ്റി : നിയമം ലംഘിച്ച് കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളുടെ നാടുകടത്തല്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ പുതിയ നടപടികളുമായി അധികൃതര്‍. ഫയലുകളും മറ്റ് രേഖകളും വേഗത്തില്‍ തയ്യാറാക്കുന്നതിന് അല്‍ അസ്സാം റൌണ്ട് എബൌട്ടിന് സമീപം പുതിയ ഓഫീസ് തുറക്കാന്‍ പ്രിസണ്‍ അഡ്മിനിസ്ട്രേഷന് വിഭാഗം തീരുമാനിച്ചു.
താമസകാര്യ പരിശോധനാ വിഭാഗവുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികളെന്ന് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര് അല്‍ അലി കഴിഞ്ഞയാഴ്ച നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
ഇവിടെ പരിധിയിലധികം ആളുകളെ താമസിപ്പിക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതനുസരിച്ച് ജനറല്‍ അഡ്മിനിസ്ട്രേഷന് ഒരു കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, പ്രിസണ്‍ അഡ്മിനിസ്ട്രേഷന് എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് പുതിയ നാടുകടത്തല്‍ കേന്ദ്രം ആരംഭിക്കുന്നത്.
ഇതിന് പുറമെ വിമാനത്താവളത്തില്‍ പ്രത്യേക നാടുകടത്തല്‍ സെല്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. രാജ്യം വിടാനാഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് ഈ സെല്ലിനെ സമീപിച്ച് നാടുകടത്തലിനുള്ള നടപടികള്‍ ആരംഭിക്കാനാവും.
കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ നേരത്തെ സമയം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ മേഖകളില്‍ ശക്തമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
Authorities have taken steps to expedite the deportation of expatriates