അബുദാബിയിലെ ഹിന്ദു ക്ഷേത്രം; നിര്‍മാണത്തിനുള്ള ശില ഇന്ത്യയില്‍ നിന്ന്

ദുബായ്; ന്യൂഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനുള്ള ശില രാജസ്ഥാനില്‍ നിന്നെത്തിക്കും. അബുദാബി – ദുബായ് ഹൈവേയില്‍ അബു മുറൈഖയില്‍ ഇരുപതിനാണ് ശിലാന്യാസം. നിര്‍മാണ മേഖലയില്‍ സജ്ജമാക്കിയ വേദിയില്‍ 50 പുരോഹിതന്മാരുടെ നേതൃത്വത്തില്‍ താന്ത്രികവിധി പ്രകാരമാകും ചടങ്ങുകള്‍. യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്ക്കു 2 മുതല്‍ പൊതുജനങ്ങള്‍ക്കു പ്രവേശിക്കാനും പുഷ്പാര്‍ച്ചന നടത്താനും സൗകര്യമൊരുക്കും. ശിലാസ്ഥാപനത്തിനു ശേഷം ജുമൈറയില്‍ എല്ലാ ദിവസവും രാവിലെ ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത ആത്മീയാചാര്യന്‍ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ ഉണ്ടാകും. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്ഷേത്രനിര്‍മാണത്തിനുള്ള സ്ഥലം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2015ല്‍ ആദ്യമായി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ഇത്. ഭൂമിപൂജാ ചടങ്ങുകളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു. ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ന്യൂഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

മധ്യപൂര്‍വദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദിയും ക്ഷേത്രത്തോടനുബന്ധിച്ചുണ്ടാകും. സ്‌നേഹവും സഹിഷ്ണുതയും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ കഴിയുന്ന കേന്ദ്രമായിരിക്കും ഇത്. ക്ഷേത്രസമുച്ചയം എന്നതിലുപരി സാംസ്‌കാരിക പഠനകേന്ദ്രം ഇവിടെയുണ്ടാകും. സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല തുടങ്ങിയവ ക്ഷേത്രത്തോടനുബന്ധിച്ചുണ്ട്. ഹിന്ദു സമൂഹത്തിലെ എല്ലാ സമ്പ്രദായങ്ങളും പിന്തുടര്‍ന്നാകും ക്ഷേത്രം പ്രവര്‍ത്തിക്കുക. ക്ഷേത്ര നടത്തിപ്പുകാരായ ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത ഇന്ത്യയില്‍ 1200 ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണം നടത്തുന്നു. യുകെ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ആഫ്രിക്ക എന്നിവിടങ്ങളിലും വിവിധ ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നു.

10.9 ഹെക്ടര്‍ സ്ഥലത്ത് 7 കൂറ്റന്‍ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിര്‍മിക്കുക. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായാണിത്. ക്ഷേത്രനിര്‍മാണത്തിനുള്ള ബാക്കി ശിലകളും ഇന്ത്യയില്‍ നിന്നാണെത്തിക്കുക. പ്രത്യേക രീതിയില്‍ ചെത്തിമിനുക്കിയ കല്ലുകള്‍ കപ്പല്‍മാര്‍ഗം കൊണ്ടുവരും. മയിലുകള്‍, മരങ്ങള്‍, പുഷ്പങ്ങള്‍, ആനകള്‍ തുടങ്ങിയവയുടെ ആകൃതിയില്‍ മാര്‍ബിളില്‍ കൊത്തിയെടുക്കുന്ന രൂപങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പൂര്‍ണമായും ശിലകള്‍ കൊണ്ടാകും ക്ഷേത്രം നിര്‍മിക്കുക. ശില്‍പനിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള നൂറുകണക്കിനു തൊഴിലാളികള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പേര്‍ നിര്‍മാണത്തില്‍ പങ്കാളികളാകും. അടുത്തവര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *