യുഎഇയില്‍ വാഹനത്തില്‍ സ്വയം ഇന്ധനം നിറയ്ക്കാം…ഒരു ലക്ഷം വാഹന സ്മാര്‍ട് കാര്‍ഡുകള്‍ സൗജന്യമായി നല്‍കാനൊരുങ്ങി അഡ്‌നോക്…കൂടുതലറിയാം

അബുദാബി; വാഹനത്തില്‍ സ്വയം ഇന്ധനം നിറയ്ക്കാന്‍ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഒരുലക്ഷം വാഹന സ്മാര്‍ട് ടാഗുകള്‍ സൗജന്യമായി നല്‍കുന്നു. ജൂണ്‍ അവസാനത്തോടെ യുഎഇയിലെ എല്ലാ അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ സര്‍വീസ് സ്റ്റേഷനുകളും സ്മാര്‍ടാകും. ഉപഭോക്താക്കള്‍ക്കു വേഗത്തിലും എളുപ്പത്തിലും ഇന്ധനം നിറയ്ക്കാനും പണം നല്‍കാനും പ്രയോജനപ്പെടും. അഡ്നോക് ഫ്ളെക്സ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒരുലക്ഷം സൗജന്യ സ്മാര്‍ട് ടാഗുകള്‍ സ്വകാര്യ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. സ്മാര്‍ട് ടാഗ് പെട്രോള്‍ ടാങ്കിന്റെ പ്രവേശന ദ്വാരത്തിനു സമീപം ഘടിപ്പിച്ച വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനു ക്രെഡിറ്റ് കാര്‍ഡോ പണമോ നല്‍കേണ്ടതില്ല. അഡ്നോക് സ്മാര്‍ട് വോലറ്റ് അക്കൗണ്ടില്‍ ഓണ്‍ലൈനിലൂടെ ടോപ് അപ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ സ്മാര്‍ട് സൗകര്യം ലഭിക്കുക. www.adnocdistribution.ae/smart എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനില്‍ അഡ്നോക് വോലറ്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കു റജിസ്റ്റര്‍ ചെയ്യാം. എമിറേറ്റ്സ് ഐഡി നമ്പരും പേരും ഐഡി കാലഹരണപ്പെടുന്ന തീയതിയും ജനന തീയതിയും വാഹനത്തിന്റെ റജിസ്ട്രേഷന്‍ കാര്‍ഡില്‍ (മുല്‍ക്കിയ) നിന്നു വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റ് കാറ്റഗറിയും നമ്പറും ഏത് എമിറേറ്റെന്നും രേഖപ്പെടുത്തിയാല്‍ അക്കൗണ്ട് തുറക്കാനാകും. 50 ദിര്‍ഹമോ അതിലധികമോ തുക മുന്‍കൂറായി ടോപ് അപ് ചെയ്താല്‍ അക്കൗണ്ട് സജീവമാകും.

Loading...

സ്മാര്‍ട്ട് ടാഗ് വാഹനത്തില്‍ ഘടിപ്പിക്കുന്നതിന് സന്ദര്‍ശനത്തിനുള്ള സമയം തിരഞ്ഞെടുക്കപ്പെട്ട അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ സര്‍വീസ് സ്റ്റേഷനുകളില്‍ നിന്നു റജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശമോ അല്ലെങ്കില്‍ ഇ-മെയില്‍ സന്ദേശമോ ആയി ലഭിക്കും. അപ്പോയ്മെന്റ് അനുസരിച്ചു സര്‍വീസ് സ്റ്റേഷനിലെത്തിയാല്‍ എമിറേറ്റ്സ് ഐഡിയും വാഹന റജിസ്ട്രേഷന്‍ കാര്‍ഡും അഡ്നോക് ഡേറ്റാബേസില്‍ രേഖപ്പെടുത്തി സ്മാര്‍ട്ട് ടാഗ് അനുവദിക്കും. ഇന്ധനം നിറയ്ക്കാന്‍ അഡ്നോക് സര്‍വീസ് സ്റ്റേഷനിലെത്തുന്ന ഉപയോക്താക്കള്‍ക്കു സെല്‍ഫ് സര്‍വീസോ പ്രീമിയം സര്‍വീസോ തിരഞ്ഞെടുക്കാം.

ഭാവിയില്‍ പ്രീമിയം സര്‍വീസ് ഉപയോഗിക്കുന്നവര്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. സെല്‍ഫ് സര്‍വീസ് എളുപ്പമാക്കാന്‍ സ്മാര്‍ട് ടാഗ് ഘടിപ്പിച്ച ഉപയോക്താക്കള്‍ക്ക് എളുപ്പം സാധിക്കുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സഈദ് അല്‍ റാഷിദി അറിയിച്ചു. സ്മാര്‍ട് കാര്‍ഡ് എടുക്കാന്‍ 262.50 ദിര്‍ഹമാണു ചാര്‍ജ്. എന്നാല്‍, സ്മാര്‍ട് ടാഗുകള്‍ ജൂണ്‍ അവസാനം വരെ സൗജന്യമായി അനുവദിക്കും. പിന്നീട് സ്മാര്‍ട് ടാഗിനും ഉപയോക്താക്കളില്‍നിന്നു പണം ഈടാക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് അഡ്നോക് സ്മാര്‍ട് ടാഗുകള്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍വീസ് സ്റ്റേഷനുകളില്‍ ഘടിപ്പിക്കാനുള്ള സൗകര്യം. ഒരുദിവസം ശരാശരി 175 മുതല്‍ 200 വരെ ടാഗുകളാണ് അബുദാബി എയര്‍പോര്‍ട്ട് റോഡിലെ സര്‍വീസ് സ്റ്റേഷനിലെത്തുന്ന സ്വകാര്യ വാഹനങ്ങളില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.

സ്മാര്‍ട് ടാഗ് ഘടിപ്പിക്കാന്‍

1. www.adnocdistribution.ae/smart എന്ന സൈറ്റിലൂടെ അഡ്നോക് വോലറ്റ് അക്കൗണ്ട് റജിസ്റ്റര്‍ ചെയ്യുക.

2. അക്കൗണ്ട് സജീവമാക്കുന്നതിന് 50 ദിര്‍ഹം അല്ലെങ്കില്‍ അതിലും കൂടുതല്‍ തുക അക്കൗണ്ടില്‍ ടോപ് അപ് ചെയ്യുക. ഈ തുക ഉപയോക്താക്കള്‍ക്കു പിന്നീട് ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കാനാവും.

3. ഓണ്‍ലൈനായി സ്മാര്‍ട് ടാഗ് ഇന്‍സ്റ്റലേഷന്‍ അപ്പോയ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുക.

4. വാഹനവും എമിറേറ്റ്സ് ഐഡിയും വാഹന റജിസ്ട്രേഷന്‍ കാര്‍ഡുമായി സ്മാര്‍ട്ട് ടാഗ് ഇന്‍സ്റ്റലേഷനു സര്‍വീസ് സെന്ററില്‍ നിന്ന് അനുവദിച്ച സമയത്തിനുള്ളില്‍ എത്തുക.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *