സൗദി ശരിക്കും കുടുങ്ങി…ഖഷോഗിയുടെ മരണത്തില്‍ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും

സൗദി എഴുത്തുകാരനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം അമേരിക്കയും ബ്രിട്ടനും തള്ളി. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനേയും വിമര്‍ശിച്ചു. എങ്കിലും സൗദിയുമായുള്ള സഹകരണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

നിരവധി തവണ നിഷേധിച്ച ശേഷം ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് സൗദി സ്ഥിരീകരിച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ രാജകുമാരന് ബന്ധമില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണമാണ് അമേരിക്കയും ബ്രിട്ടനും തള്ളിയത്. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ട്രംപ് പറഞ്ഞത്. ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെയും ട്രംപ് വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യം അറിയാന്‍ അമേരിക്കയ്ക്ക് തുര്‍ക്കിയില്‍ സന്നാഹങ്ങളുണ്ടെന്നും അത് ഇന്നത്തോടെ വ്യക്തമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സൗദിയുമായുള്ള സഹകരണം അവസിനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു. ഇതിനുപിന്നാലെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ റിയാദില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ബ്രിട്ടനും പ്രതികരിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ തക്ക ശിക്ഷ അനുഭവിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു. അതേസമയം ഖഷോഗിയുടെ കൊലപാതകത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം സൗദിക്കൊപ്പമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

ഇതിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന തുര്‍ക്കി സംഘത്തെ വാഹന പരിശോധന നടത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. സൗദി നയതന്ത്രകാര്യാലയത്തിന്റെ പാര്‍ക്കിംഗ് മേഖലയിലുള്ള കാര്‍ പരിശോധിക്കുന്നതിനാണ് അനുമതി നല്‍കാതിരുന്നത്. ഈ കാറില്‍ നിന്ന് മറ്റൊരു കാറിലേക്ക് പൊതിഞ്ഞുകെട്ടിയ എന്തോ കൈമാറിയതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *