ദിര്‍ഹം-രൂപ വിനിമയ നിരക്കില്‍ വര്‍ധന…ദുബായില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നതില്‍ വര്‍ധന

ദുബായ്; രൂപയുടെ മൂല്യം കുറഞ്ഞതോടെ ദിര്‍ഹം-രൂപ വിനിമയ നിരക്കില്‍ വര്‍ധന തുടരുന്നു. പ്രവാസികള്‍ അവസരം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഇനിയും വര്‍ധിക്കുമെന്നു പ്രതീക്ഷിച്ചു കാത്തിരിക്കുന്നവരും ഏറെ. രൂപയുടെ മൂല്യം പതിനേഴുമാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞതോടെയാണു കഴിഞ്ഞ ദിവസങ്ങളില്‍ ദിര്‍ഹം-രൂപ വിനിമയനിരക്ക് പതിവിലും ഉയര്‍ന്നത്.

Loading...

ഇന്നലെ എക്‌സ്‌ചേഞ്ചുകളില്‍ 18.57 വരെ ലഭിച്ചു. കഴിഞ്ഞ ദിവസം 18.59 ആയിരുന്നു നിരക്ക്. മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്കു വര്‍ധിച്ചെങ്കിലും വരുംദിവസങ്ങളില്‍ ദിര്‍ഹം-രൂപ എക്‌സ്‌ചേഞ്ച് നിരക്ക് ഉയരുമെന്നാണു പ്രതീക്ഷയെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എണ്ണവില ഉയരുന്നതും ഓഹരിവിപണികളിലെ തളര്‍ച്ചയും രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നു ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് അദീപ് അഹമ്മദ് പറഞ്ഞു. യൂറോയും പൗണ്ടും ഉള്‍പ്പെടെ ഒട്ടുമിക്ക കറന്‍സികളും ദുര്‍ബലമായിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇനിയും കുറഞ്ഞു ഡോളറുമായുള്ള വിനിമയത്തില്‍ 68.89 വരെ ഇടിയുമെന്നാണു പ്രതീക്ഷയെന്നും അദീബ് അഹമ്മദ് പറഞ്ഞു.

മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞാഴ്ചകളില്‍ കനത്ത തിരക്കായിരുന്നെന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക് അസി. ജനറല്‍ മാനേജറും ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജറുമായ ശ്രീജിന്‍ മുകുന്ദ് പറഞ്ഞു. രൂപയുടെ വിനിമയനിരക്ക് പതിനെട്ടിനു മുകളിലേക്കു കയറി 18.20-18.30 ഘട്ടത്തിലെത്തിയപ്പോള്‍ നാട്ടിലേക്കു പണം അയച്ചവരുടെ എണ്ണം വളരെ കൂടിയിരുന്നു. എന്നാല്‍ 18.50നു മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ പണം അയയ്ക്കുന്നവരുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. പലരും ഇനിയും നിരക്കുവര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും ശ്രീജിന്‍ മുകുന്ദ് പറഞ്ഞു. ഇന്ത്യയിലേക്കു പണം അയയ്ക്കുന്നത് ഈയാഴ്ചകളില്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് എക്‌സ്‌ചേഞ്ച് അധികൃതര്‍. എണ്ണവില ബാരലിന് 80 ഡോളറിനും മുകളിലേക്ക് ഉയര്‍ന്നതു രൂപയെ ദുര്‍ബലമാക്കി. എന്നാല്‍ വില ഇനിയും കൂടാനാണു സാധ്യത.

ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും രൂപ ദുര്‍ബലമാകാന്‍ കാരണമായെന്നു സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കര്‍ണാടക തിരഞ്ഞെടുപ്പുഫലവും ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചതും കാരണമായെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരുംദിവസങ്ങളില്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും എക്‌സ്‌ചേഞ്ച് നിരക്ക് ഒരു ദിര്‍ഹത്തിനു 19നും മുകളിലേക്ക് ഉയര്‍ന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും അഭിപ്രായമുണ്ട്. കഴിഞ്ഞ വര്‍ഷം താഴെപ്പോയ വിനിമയനിരക്ക് ഈ മാസം ആദ്യത്തോടെയാണ് ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാദ്യം ഉയര്‍ന്നെങ്കിലും പിന്നീടു 17.25 വരെ താഴ്ന്നു. ഏപ്രില്‍ പകുതിക്കുശേഷം പതിനെട്ടിനു മുകളില്‍ കയറിയ നിരക്ക് മേയ് പകുതിയായതോടെ 18.40നു മുകളിലെത്തുകയായിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *