ദുബായ്; നവീകരണത്തിനായി ദുബായ് രാജ്യാന്തര വിമാനത്താവള (ഡിഎക്സ്ബി) റണ്‍വേ ഭാഗികമായി അടച്ചതോടെ പല സര്‍വീസുകളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു (ഡിബ്ല്യുസി) മാറ്റി. ഇന്നലെ മുതല്‍ അടുത്തമാസം 30 വരെ തെക്കുഭാഗത്തെ റണ്‍വേയാണ് അടച്ചത്. വിമാനസര്‍വീസുകള്‍ പൂര്‍ണമായും മാറ്റേണ്ടിവരുന്നില്ല. എമിറേറ്റ്സ് വിമാനങ്ങള്‍ തുടര്‍ന്നും ദുബായ് വിമാനത്താവളത്തില്‍ നിന്നാകും സര്‍വീസ് നടത്തുക. എന്നാല്‍ സര്‍വീസുകളുടെ എണ്ണം കുറച്ചു. ആഴ്ചയില്‍ 135 സര്‍വീസുകള്‍ വരെ കുറയുമെന്നാണു വിവരം. താരതമ്യേന തിരക്കു കുറവുള്ള സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് കുറച്ചത്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ കൊച്ചിയിലേക്ക് രാത്രി 9.30ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ചകളില്‍ ഉണ്ടാകില്ല. ഇതര വിമാനക്കമ്പനികളുടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം കുറയില്ല.
ഡിഡബ്ല്യുസിയില്‍ നിന്ന് 145 വിമാനങ്ങള്‍
അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നു പ്രതിദിനം 145 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എമിറേറ്റ്സിന്റെ ബജറ്റ് വിമാനമായ ഫ്ലൈ ദുബായ് ഉള്‍പ്പെടെ ഇന്ത്യയിലേക്കുള്ള പല സര്‍വീസുകളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ പൂര്‍ണമായും മാറുന്നില്ല. മാറ്റമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്നാകും സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാണ് പുനഃക്രമീകരണമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഏതു വിമാനത്താവളത്തില്‍ നിന്നാണെന്ന് അറിയാനാകും. വളരെ നേരത്തെ ടിക്കറ്റ് എടുത്തവരെ മാത്രമാണ് ബാധിച്ചത്. വിമാനസമയത്തിലും മാറ്റമുണ്ടാകുമെന്നതിനാല്‍ ഇവര്‍ അതത് ഓഫിസുകളില്‍ വിളിച്ച് ഉറപ്പുവരുത്തണം. അതേസമയം, സര്‍വീസുകളുടെ സമയമാറ്റത്തെക്കുറിച്ചും മറ്റുമുള്ള യാത്രക്കാരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാനാവുന്നില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. മുംബൈ, ഫിലിപ്പീന്‍സ്, ചൈന, വിയറ്റ്നാം, ഹോങ്കോങ്, ലൊസാഞ്ചലസ്, മനില, ന്യൂയോര്‍ക്ക് ജെഎഫ്കെ, പാരിസ്, പ്രാഗ്, ഷാങ്ഹായ്, സ്വീഡന് സര്‍വീസുകള്‍ എമിറേറ്റ്സ് കുറയ്ക്കില്ല. യുകെ, ജര്‍മനി, ഇറ്റലി, ന്യൂജഴ്സി (യുഎസ്), ബംഗ്ലദേശ്, ഈജിപ്ത്, ജോര്‍ദാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്, ഡെന്മാര്ക്ക്, പാക്കിസ്ഥാന്, തായ്ലന്ഡ്, മൊറോക്കൊ, കുവൈത്ത്, സൈപ്രസ്, കെനിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് പ്രധാനമായും കുറയ്ക്കുക.
കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകളെ ബാധിക്കില്ല
എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ തുടര്‍ന്നും ദുബായ് വിമാനത്താവളത്തില്‍ നിന്നാകും സര്‍വീസ് നടത്തുക. കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 0434) ഷാര്‍ജയില്‍ നിന്നു വൈകിട്ട് 5.00 നു പുറപ്പെട്ട് രാത്രി 11.35ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നുള്ള ഐഎക്സ് 0435 വിമാനം ഉച്ചയ്ക്ക് 1.30 നു പുറപ്പെട്ട് 4.00ന് ഷാര്‍ജയിലെത്തും. കൊച്ചിയില്‍ നിന്നു ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം രാത്രി 11.45 നു പുറപ്പെട്ട് പുലര്‍ച്ചെ 2.00ന് ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ എത്തും. ദുബായ്-കൊച്ചി വിമാനം പുലര്‍ച്ചെ 3.05 നു പുറപ്പെട്ട് 8.40ന് എത്തിച്ചേരും. ദുബായ്-കോഴിക്കോട് വിമാനം വൈകിട്ട് 4.10നു പുറപ്പെട്ട് രാത്രി 9.50ന് എത്തും. ഉച്ചയ്ക്ക് 2.35നുള്ള വിമാനം രാത്രി 8.35ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്നുള്ള ഇന്‍ഡിഗോ വിമാനം രാത്രി 12.40 നു പുറപ്പെട്ട് പുലര്‍ച്ചെ 2.55ന് ഡിഡബ്ല്യുസിയില്‍ ഇറങ്ങും. തിരികെ 4.25നു പുറപ്പെട്ട് രാവിലെ 9.50ന് കോഴിക്കോട്ട് എത്തും. കൊച്ചിയില്‍ നിന്നുള്ള വിമാനം വൈകിട്ട് 6.40 പുറപ്പെട്ട് രാത്രി 9.20ന് ഡിഡബ്ല്യുസിയില്‍ ഇറങ്ങും. തിരികെ രാത്രി 11.10 നു പുറപ്പെട്ട് പുലര്‍ച്ചെ 4.50ന് കൊച്ചിയിലെത്തും. യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തണമെന്നാണ് ട്രാവല്‍ ഏജന്‍സികളില്‍ നിന്നു ലഭിക്കുന്ന വിവരം.
സൗജന്യ ബസ് സര്‍വീസ്; കുറഞ്ഞനിരക്കില്‍ ടാക്സി
ദുബായ് വിമാനത്താവളത്തില്‍ നിന്ന് അല്‍ മക്തൂം വിമാനത്താവളത്തിലേക്കു സൗജന്യ ബസ് സര്‍വീസ് നടത്തും. പല സര്‍വീസുകളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറുന്ന സാഹചര്യത്തില്‍ ദുബായ് എയര്‍പോര്‍ട്സും ആര്‍ടിഎയും സഹകരിച്ച് അടുത്തമാസം 30 വരെയാണ് ഈ സൗകര്യമൊരുക്കുന്നത്. ദുബായ് എയര്‍പോര്‍ട്സ് ബസ് സര്‍വീസ് 30 മിനിറ്റ് ഇടവിട്ട് എല്ലാ ദിവസവും ഉണ്ടാകും. ടെര്‍മിനല്‍ 1, 2, 3 എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. ടെര്‍മിനല്‍ ഒന്നില്‍ ഡിപാര്‍ചര്‍ മേഖലയില്‍ നിന്നാകും (ചെക്ക് ഇന്‍ 3,4 മേഖലയുടെ എതിര്‍ഭാഗം) ബസ് പുറപ്പെടുക. ടെര്‍മിനല്‍ രണ്ടില്‍ ഡിപാര്‍ചര്‍, അറൈവല്‍ ഭാഗത്തുനിന്ന് ഹോട്ടല്‍, ആര്‍ടിഎ ബസുകള്‍ ഉണ്ടാകും. ടെര്‍മിനില്‍ മൂന്നില്‍ ഡിപാര്‍ചര്‍ മേഖലയില്‍ നിന്നാണ് ബസുകള്‍.
മറ്റിടങ്ങളില്‍ നിന്നും ആര്‍ടിഎ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂര്‍ കൂടുമ്പോഴാണിത്. മെട്രോയില്‍ വരുന്ന യാത്രക്കാര്‍ക്കും ഇതു സൗകര്യമാകും. സത്വ സ്റ്റേഷനില്‍ നിന്നു തുടങ്ങി ബിസിനസ് ബേ, മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷനുകള്‍ വഴി അല്‍ മക്തൂം വിമാനത്താവളത്തിലെത്തും. അബുഹെയ്ല്‍ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച് യൂണിയന്, ബിസിനസ് ബേ, മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഇബ്നു ബത്തൂത്ത സ്റ്റേഷന് വഴിയുള്ള സര്‍വീസാണ് അടുത്തത്. അല്‍ മക്തൂം വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം കുറഞ്ഞനിരക്കില്‍ ടാക്സി സൗകര്യവും ഒരുക്കിയിട്ടുണ്ട്. 5 ദിര്‍ഹമാണു മിനിമം നിരക്ക്. എയര്‍പോര്‍ട്ട് ടാക്സിക്ക് നിലവില്‍ 25 ദിര്‍ഹമാണ് മിനിമം യാത്രാനിരക്ക്. ഷെയര്‍ ടാക്സി സൗകര്യവും ഉപയോഗപ്പെടുത്താം. വിമാനത്താവളത്തിലെ ടാക്സികളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്.
റണ്‍വേ നവീകരണം മൂലമുള്ള ക്രമീകരണങ്ങള്‍ കണക്കിലെടുത്ത് ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ സമയനിഷ്ഠ പാലിക്കണമെന്ന് അധികൃതര്‍. 3 മണിക്കൂര്‍ മുന്‍പെങ്കിലും എത്തി നടപടികള്‍ പൂര്‍ത്തിയാക്കണം. ചെക്ക് ഇന്‍ ചെയ്യാനും മറ്റും കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ ചെയ്യാം. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യഥാസമയം ബോര്‍ഡിങ് ഗേറ്റുകളില്‍ എത്തുകയും വേണം. ദീര്‍ഘദൂര യാത്രയ്ക്കുള്ള വിമാനങ്ങള്‍ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഗേറ്റുകള്‍ തുറക്കും. മറ്റു സര്‍വീസുകള്‍ക്ക് ഒന്നേകാല്‍ മണിക്കൂര്‍ മുന്‍പും. നേരത്തെ ഇത് ഒരു മണിക്കൂര്‍ ആയിരുന്നു. എന്നാല്‍ യുഎസിലേക്കുള്ള വിമാനങ്ങള്‍ ആണെങ്കില്‍ ഗേറ്റുകള്‍ 2 മണിക്കൂര്‍ മുന്‍പ് തുറക്കും. വിമാനം പുറപ്പെടുന്നതിനു 20 മിനിറ്റ് മുന്‍പ് ഗേറ്റുകള്‍ അടയ്ക്കും. ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കും. നേരിയ സമയമാറ്റം പോലും സര്‍വീസുകളെ ബാധിക്കുമെന്നതിനാലാണിത്.