ദുബായില്‍ ഉപഭോക്താക്കളുടെ പരാതി സമര്‍പ്പിക്കാന്‍ ‘ദുബായ് കണ്‍സ്യൂമര്‍’ സംവിധാനം

ദുബായ്; ദുബായിലെ ഉപഭോക്താക്കള്‍ക്കു പരാതികള്‍ അറിയിക്കാന്‍ സ്മാര്‍ട് സംവിധാനം വരുന്നു. വ്യാപാര സ്ഥാപനങ്ങളെയും കമ്പനികളെയും കുറിച്ചുള്ള പരാതികള്‍ ‘ദുബായ് കണ്‍സ്യൂമര്‍’ എന്ന നൂതന സംവിധാനത്തിലൂടെ അറിയിക്കാനാകും. വിശദാംശങ്ങള്‍ ചോദിച്ചു കൊണ്ടുള്ള അധികൃതരുടെ മറുപടി ഉടനെത്തും. സാധനം വാങ്ങിയതിന്റെയും മറ്റും ബില്‍ നല്‍കുകയും വേണം. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥാപനവുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു കാലതാമസം കൂടാതെ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കും. സ്ഥാപനം നിയമലംഘനം നടത്തിയെന്നു തെളിഞ്ഞാല്‍ പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. ദുബായ് ഇന്റര്‍നാഷനല്‍ അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷനിലാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ സ്മാര്‍ട് സംവിധാനം പ്രദര്‍ശിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനമെന്ന് അധികൃതര്‍ പറഞ്ഞു. സ്മാര്‍ട് ഫോണിനു പുറമെ സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും അറബിക്കിലും ഇംഗ്ലിഷിലുമുള്ള ഈ സംവിധാനം പ്രയോജനപ്പെടുത്താം.

അടുത്തഘട്ടത്തില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി സംവിധാനം നവീകരിക്കും. പരാതിക്കാരനുമായുള്ള ആശയവിനിമയം നടക്കുമ്പോള്‍ തന്നെ വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നിജസ്ഥിതി അന്വേഷിച്ചു നടപടികള്‍ സ്വീകരിക്കാനാകും. അതിവേഗം പരാതികള്‍ നല്‍കാനും നടപടികള്‍ സ്വീകരിക്കാനും കഴിയുമെന്നതാണ് ഇതിന്റെ നേട്ടമെന്നു സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവന്‍ മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു.

ഉപഭോക്താവിന്റെ പരാതിയില്‍ ഏഴു ദിവസത്തിനകം വ്യാപാരസ്ഥാപനം പ്രതികരിച്ചില്ലെങ്കില്‍ ഒരു തവണ കൂടി പരാതി നല്‍കാനാണ് നിര്‍ദേശം. ഈ പരാതി ലഭിച്ചാലുടന്‍ നടപടികള്‍ ആരംഭിക്കും. ജനങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്ന ഷോപ്പിങ്ങും അവകാശങ്ങള്‍ സംബന്ധിച്ചുള്ള അവബോധവും ഇതുവഴി ലഭിക്കും. ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള ബന്ധം ‘സമാര്‍ട്’ ആക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. പരാതിക്കാന്റെ പേര്, വിലാസം, സാധനങ്ങള്‍ വാങ്ങിയ സ്ഥാപനം അല്ലെങ്കില്‍ കമ്പനിയുടെ വിലാസം എന്നിവയാണ് പരാതിയില്‍ കാണിക്കേണ്ടത്. പരാതി സ്വീകരിച്ചു കഴിഞ്ഞാല്‍ അതു സംബന്ധിച്ച വിശദീകരണം പരാതിക്കാരനു ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *