അവധി ആഘോഷ സീസണ്‍ മുതലെടുത്ത് വിമാനക്കമ്പനികളും…വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിക്കുന്നു

ദുബായ്; പെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ക്കു നാട്ടിലേക്കു പോകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു. കേരളത്തിലെ വിവിധ സെക്ടറുകളിലേക്കുള്ള ബജറ്റ് സര്‍വീസുകളുടെയടക്കം നിരക്ക് കുതിക്കുകയാണ്. അടുത്തമാസം അവസാനം ചില വിമാനങ്ങളില്‍ മടക്കയാത്രയ്ക്ക് ഇക്കോണമി ക്ലാസില്‍ സീറ്റില്ല. സെപ്റ്റംബറോടെ നിരക്കില്‍ കുറവുണ്ടാകും. ഓഗസ്റ്റ് ഒന്നുമുതല്‍ നിരക്കില്‍ പ്രകടമായ വര്‍ധനയുണ്ട്. ദുബായില്‍നിന്നു കൊച്ചിയിലേക്ക് എയര്‍ ഇന്ത്യക്ക് 800 ദിര്‍ഹമാണ് ശരാശരി നിരക്ക്. ജെറ്റ് എയര്‍വേയ്‌സ് 790, ഇന്‍ഡിഗോ 690, സ്‌പൈസ് ജെറ്റ് 715, ഫ്‌ലൈ ദുബായ് 765, എയര്‍ അറേബ്യ 1310 എന്നിങ്ങനെയും. എമിറേറ്റ്‌സ് ആണെങ്കില്‍ നിരക്ക് 1700നു മുകളിലാകും. എക്‌സ്പ്രസില്‍ ബാഗേജിന്റെ കാര്യത്തില്‍ 20 കിലോയുടെയും 30 കിലോയുടെയും രണ്ടു പാക്കേജുകളുണ്ട്. 20 കിലോയാണെങ്കില്‍ ടിക്കറ്റ് നിരക്ക് 30 മുതല്‍ 100 ദിര്‍ഹം വരെ കുറയും. ദിനംപ്രതി നിരക്കില്‍ ചെറിയതോതിലുള്ള ഏറ്റക്കുറച്ചില്‍ ഉണ്ടാകും. കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 840 ദിര്‍ഹം മുതലാണു നിരക്ക്.

ചില ദിവസങ്ങളില്‍ ആയിരത്തിനു മുകളിലും. എയര്‍ ഇന്ത്യ 910, ഷാര്‍ജയില്‍നിന്നാണെങ്കില്‍ 1040 എന്നിങ്ങനെയാണ് തുക. സ്‌പൈസ് ജെറ്റില്‍ 700നും ഇന്‍ഡിഗോയില്‍ 760നും എയര്‍ അറേബ്യയില്‍ 1300നും മുകളിലാണ് ശരാശരി നിരക്ക്. വ്യാഴാഴ്ചകളിലും വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള സര്‍വീസുകളിലുമാണ് ഏറ്റവും കൂടുതല്‍ തിരക്ക്. തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 860 ദിര്‍ഹം മുതലാണ് നിരക്ക്. ഇന്‍ഡിഗോ 850, ഫ്‌ലൈ ദുബായ് 1125, ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ 850, എയര്‍ അറേബ്യ 1035 എന്നിങ്ങനെയും. ഓഗസ്റ്റ് അവസാനം മടങ്ങാന്‍ തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സ് ടു വേ ടിക്കറ്റിനു ശരാശരി 3755 ദിര്‍ഹമാണ് നിരക്ക്. അങ്ങോട്ട് ഇക്കോണമി ക്ലാസിലും ഇങ്ങോട്ട് ബിസിനസ് ക്ലാസിലുമുള്ള നിരക്കാണിത്.

പല ദിവസങ്ങളിലും ഇങ്ങോട്ട് ഇക്കോണമി ക്ലാസില്‍ ടിക്കറ്റ് കിട്ടാനില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 3420, ഇന്‍ഡിഗോ 2780, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ 3725, എയര്‍ അറേബ്യ 3900 എന്നിങ്ങനെയും. എയര്‍ ഇന്ത്യയിലും പല ദിവസങ്ങളിലും ഇക്കോണമി ക്ലാസില്‍ മടക്കയാത്രയ്ക്കു ടിക്കറ്റ് കിട്ടാനില്ല. കൊച്ചിയിലേക്കും തിരികെയുമുള്ള ടു വേ ടിക്കറ്റിന് ജെറ്റ് എയര്‍വെയ്‌സില്‍ 3655, എയര്‍ ഇന്ത്യ 2845, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 3160, ഇന്‍ഡിഗോ 3021, സ്‌പൈസ് ജെറ്റ് 3340, എയര്‍ അറേബ്യ 4000 എന്നിങ്ങനെയാണ് ഏകദേശ നിരക്ക്. എമിറേറ്റ്‌സില്‍ ഇങ്ങോട്ട് ബിസിനസ് ക്ലാസ് ആണെങ്കില്‍ 5400നു മുകളില്‍ നല്‍കണം. കോഴിക്കോട്ടേക്കുള്ള ടു വേ ടിക്കറ്റിന് എയര്‍ ഇന്ത്യ 2975, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2810, ഇന്‍ഡിഗോ 3030, സ്‌പൈസ് ജെറ്റ് 2515, എയര്‍ അറേബ്യ 3965 എന്നിങ്ങനെയാണ് ശരാശരി നിരക്ക്.

മലയാളികളില്‍ പലര്‍ക്കും വര്‍ഷത്തില്‍ മൂന്നും നാലും തവണ നാട്ടില്‍ പോകുന്ന ശീലമുള്ളതിനാല്‍ വേനലവധിക്ക് മറ്റു രാജ്യങ്ങളില്‍ ഉല്ലാസയാത്ര നടത്തുന്ന രീതിക്കു തുടക്കമായി. ജോര്‍ജിയ, അര്‍മേനിയ, ജോര്‍ദാന്‍, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു യാത്രചെയ്യാന്‍ ആകര്‍ഷകമായ പാക്കേജുകള്‍ ലഭ്യമാണ്. നിരക്കു കുറയുന്ന സമയം നോക്കി നാട്ടിലേക്കുള്ള ടിക്കറ്റ് എടുക്കുന്നു. വര്‍ഷത്തിലൊരു വിദേശരാജ്യം സന്ദര്‍ശിക്കുന്ന ശീലം പലരും തുടങ്ങി. ബാച്ലേഴ്‌സില്‍ ഇതു വ്യാപകമായിക്കഴിഞ്ഞു. കുറഞ്ഞ ചെലവില്‍ യൂറോപ്യന്‍ മേഖലയിലടക്കം യാത്രചെയ്യാന്‍ അവസരം ലഭിക്കുന്നതാണ് ഒരുവിഭാഗത്തെ ആകര്‍ഷിക്കുന്നത്. നാട്ടില്‍ അണുകുടുംബങ്ങളും ഫ്‌ലാറ്റ് സംസ്‌കാരവും വ്യാപകമായതോടെ ഉണ്ടായ മാറ്റവും ഇതിനൊരു ഘടകമാണെന്നു പഴയകാല ഗള്‍ഫ് പ്രവാസികള്‍ തിരിച്ചറിയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *