നിബന്ധനകളോടെ സൗദിയിൽ രാജ്യാന്തര വിമാന സർവീസ് പുനരാംഭിക്കുന്നു

റിയാദ് : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള അന്തിമ ഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ഈ മാസം 17 മുതലാണു രാജ്യത്തിനു പുറത്തേക്കുള്ള സ്വദേശികളുടെ യാത്രയും രാജ്യത്തേക്കു മടങ്ങിയെത്തേണ്ടവരുടെ യാത്രയും പുനരാരംഭിക്കുന്നത്.

സൗദിയിലെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളും യാത്രക്കാരെ സ്വീകരിക്കാൻ സർവ സജ്ജമാണെന്നും സുരക്ഷിതമായ സർവീസ് നടത്താൻ ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിലേക്ക് ശ്രദ്ധക്ഷണിച്ച് ജിഎസിഎ വിമാനക്കമ്പനികൾക്കു സർക്കുലർ കൈമാറിയതായും അധികൃതർ അറിയിച്ചു.

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള പൗരന്മാരുടെ പുറത്തേക്കുള്ള യാത്രയും രജ്യത്തേക്കുള്ള തിരിച്ചുവരവും അനുവദിച്ചു കൊണ്ട് സൗദി സർക്കാർ നടത്തിയ ഉത്തരവിന് അനുസൃതമായാണ് ഇങ്ങനെ നിർദേശം കൈമാറിയതെന്ന് ജിഎസിഎ അധിർകൃതർ പറഞ്ഞു.

17 തിങ്കളാഴ്ച പുലർച്ചെ ഒരു മണി മുതൽ കര, കടൽ, വ്യോമ അതിർത്തികൾ പൂർണമായും തുറക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവരായിരിക്കുക, ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിടുക, കൊറോണ വൈറസിൽ നിന്നു മുക്തി നേടി ആറുമാസം കഴിയാതിരിക്കുക ഇവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ പെടുന്നവരായിരിക്കണം യാത്രക്കാർ എന്നതാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ.

ഇവരിൽ ഏതു വിഭാഗമാണെങ്കിലും തവക്കൽനാ ആപ്പിൽ പ്രദർപ്പിക്കുന്ന ആരോഗ്യസ്ഥിതിയുടെ സ്റ്റാറ്റസ് അനുസരിച്ചായിരിക്കും അനുമതി നൽകുക.

18 വയസ്സിന് താഴെയുള്ളവരാണു യാത്രക്കാരെങ്കിൽ ഈ നിബന്ധനകൾക്കു പുറമെ, രാജ്യത്തിന് പുറത്ത് കോവിഡ് പരിരക്ഷ ലഭ്യമാകുന്ന തരത്തിൽ സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച ഇൻഷുറൻസ് പോളിസി എടുത്തവരായിക്കണം എന്ന വ്യവസ്ഥയുമുണ്ട്.

രാജ്യത്ത് തിരിച്ചെത്തുന്നവർ ഏഴു ദിവസത്തെ ഹോം ക്വാറന്റീനിൽ കഴിയണം എന്നതു നിർബന്ധമാണ്.

ഏഴുദിവസം പൂർത്തിയായാൽ തവക്കൽനാ വഴി പിസിആർ ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നതും നിബന്ധനയാണ്.

അതേസമയം എട്ടു വയസ്സിന് താഴെയുള്ളവരെ പിസിആർ ടെസ്റ്റിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

ഏതു രാജ്യത്തേക്കാണോ വിമാനം പറക്കുന്നത്, അവിടുത്തെ കോവിഡ് നിബന്ധനകൾ യാത്രക്കാർക്കു വിശദമായി കൈമാറേണ്ട ചുമതല അതാത് വിമാനക്കമ്പനികൾക്കാണെന്നും അധികൃതർ വ്യക്തമാക്കി.

യാത്ര പൂർത്തിയായി പുറത്തിറങ്ങുന്നവർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒഴിവാക്കാൻ മുൻകൂട്ടി ഇത്തരം കാര്യങ്ങൾ അടങ്ങുന്ന ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും അതോറിറ്റി പറഞ്ഞു.

യാത്രയിലെ തടസങ്ങൾ ഒഴിവാക്കാൻ അതാത് രാജ്യങ്ങളിലെ കോവിഡ് നിർദേശങ്ങളും പ്രോട്ടോക്കോൾ ഉൾപ്പടെ ഔദ്യോഗിക പ്രതിരോധ നടപടികളും പൂർണമായും പാലിക്കണമെന്നും അധികൃതരുടെ നിർദേശത്തിൽ പ്രത്യേകം പറയുന്നു.

ഉയർന്ന തോതിൽ രോഗം പടരുകയും അപകട സാധ്യത നിലനിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാർ പാലിക്കേണ്ട അതീവ ജാഗ്രതാ നിർദേശങ്ങളും ജിഎസിഎ പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം യാത്രാവിലക്കു നീങ്ങുന്നുവെങ്കിലും അടിയന്തിര ബിസിനസ് ആവശ്യങ്ങൾക്കോ കുടുംബപരമായ കാരണങ്ങളാലോ അല്ലാതെ വൈറസ് ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഉപേഷിക്കണമെന്നതാണു വിദഗ്‌ധരുടെ നിർദേശം.

സുരക്ഷയാണ് പ്രധാനം എന്നതിനാൽ വിവേകത്തോടെയാണ് ഈ അവസരം ഉപയോഗിക്കേണ്ടത് എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇങ്ങനെയൊക്കെയാണെങ്കിലും മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ പ്രതീക്ഷിക്കുന്ന രീതിയിൽ സൗദിയിൽ നിന്നു പുറത്തേക്കോ ഇന്ത്യയിൽ നിന്നു തിരിച്ചോ വിമാന സർവീസുകൾ എപ്പോൾ സാധാരണ നിലക്കാകുമെന്നതിൽ ഒരു വ്യക്തതയും ഇപ്പോഴുമില്ല.

ഇന്ത്യയിൽ കോവിഡിന്റെ പ്രതിദിന കണക്കുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈ അനിശ്ചിതത്വം പ്രവചനാതീതമായി നീളുകയാണ്.

ഇത് ആയിരക്കണക്കിന് പ്രവാസികളെയാണു വലച്ചിരിക്കുന്നത്.

അതേസമയം കൊറോണ വൈറസ് പടരുന്നതിനെതിരെ സർക്കാർ നടത്തിയ വിജയകരമായ ശ്രമങ്ങളെ പ്രശംസിക്കുന്നതോടൊപ്പം ആരോഗ്യ സ്ഥിതി പരിശോധിച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും രാജ്യാന്തര യാത്ര നടത്താൻ അനുമതി നൽകിയ സർക്കാരിനെ ജിഎസിഎ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഐലിജ് അഭിനന്ദിച്ചു.

പത്തു ലക്ഷത്തിലധികം പേർ രാജ്യത്ത് വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു.

രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ശക്തമായ ആരോഗ്യ സുരക്ഷാ പരിശോധനയും മാനദണ്ഡങ്ങളുടെ കണിശതയും പാലിച്ചായിരിക്കും യാത്രകൾ ക്രമീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *