പ്രവാസികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ഒരുങ്ങി തൊഴില്‍ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് താമസിക്കുന്നതും ജോലിചെയ്യുന്നതുമായ പ്രവാസികളുടെ ബിരുദബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രാലയവും തൊഴില്‍മന്ത്രാലയവും ഒരുങ്ങുന്നു. ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ജറാഹ് അല്‍ സബയും തൊഴില്‍ സാമൂഹ്യമന്ത്രി ഹിസ് അല്‍ സുബീഹും സംയുക്തമായാണ് സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകളുള്ള പ്രവാസികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ധാരണയായത്.

ഈമാസം അവസാനത്തോടെ ഇതിനു വേണ്ട നടപടികള്‍ ആരംഭിക്കും. വിദേശികളുടെ താമസരേഖ പുതുക്കുന്നതിനോടനുബന്ധിച്ച് യഥാര്‍ഥ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവരുടെ ഇഖാമ അഥവാ താമസരേഖ പുതുക്കുന്നതല്ല. ഇതിന് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ആരേയും അനുവദിക്കുന്നതല്ല എന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

തൊഴിലില്‍ പ്രവേശിക്കുമ്പോള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍നിന്ന് വ്യത്യസ്തമായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ കോടതി നിയമനടപടിക്ക് വിധേയമാക്കുന്നതാണ്. ആദ്യഘട്ടം സര്‍വകലാശാല ബിരുദമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. പിന്നീട് എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച് ഉറപ്പുവരുത്തും. അതിനുശേഷമേ ഇഖാമ പുതുക്കി നല്‍കുകയുള്ളൂ എന്ന് വക്താവ് വിശദീകരിച്ചു. എന്നാല്‍, നിയമം വിദേശികളെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ലെന്നും സ്വദേശികള്‍ക്കും ബാധകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറിജിനല്‍ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒക്ടോബര്‍ അവസാനം പ്രാബല്യത്തിലാകുന്നതോടെ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിസമ്പാദിച്ചവര്‍ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയരാകും.

വര്‍ധിച്ചുവരുന്ന അയോഗ്യരായ തൊഴിലാളികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കുകയും അവിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു വരുന്നത് അവസാനിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയനിയമം നടപ്പാക്കുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *