ഒരു സിം കാര്‍ഡ് കാരണം സൗദി ജയിലില്‍ വരെ കിടന്നു…റഫീഖിനുണ്ടായ അനുഭവം എല്ലാ പ്രവാസികള്‍ക്കും പാഠമാണ്

ജിദ്ദ: ആധുനിക സങ്കേതങ്ങള്‍ ജീവിതം സുഖകരമാക്കും, എന്നാല്‍ ജാഗ്രതക്കുറവ് മൂലം അവ വന്‍ വിനയാവുകയും ചെയ്യും. സൗദി അറേബ്യയിലെ ജയിലില്‍ ഇരുപതു ദിവസങ്ങള്‍ കഴിഞ്ഞ ശേഷം ഏറെ പണിപ്പെട്ട നീക്കങ്ങളിലൂടെ മോചിതനായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റഫീഖ് ഇക്കാര്യത്തിലെ ഒടുവിലെ നല്ലൊരു ഉദാഹരണവും പാഠവുമാണ്. നിയമങ്ങള്‍ വിവേചനമില്ലാതെയും കര്‍ശനമായും നടപ്പിലുള്ള സൗദി അറേബ്യ പോലുള്ള വിദേശ രാജ്യങ്ങളിലുള്ളവര്‍ തങ്ങളുടെ പേരില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ക്കു വിനിയോഗിക്കപ്പെടുന്ന മൊബൈല്‍ സിം കാര്‍ഡുകള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ജാഗ്രതയോടെ അന്വേഷിക്കേണ്ടതും അങ്ങിനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.

റഫീഖിന്റെ സംഭവം ഇങ്ങിനെ: റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റഫീഖ് തന്റെ ഇഖാമ പുതുക്കാനായി സമര്‍പ്പിച്ചു. അപ്പോഴാണ്, അല്‍ബാഹയിലെ ബല്‍ഖര്‍ന്‍ പോലീസ് സ്റ്റേഷനില്‍ റഫീഖിനെതിരെ കേസുണ്ടെന്നും അതിനാല്‍ അവിടെ ഹാജരാവുകയും പോലീസ് ക്‌ളിയറന്‍സ് നേടണമെന്നും അറിയിപ്പുണ്ടായത്. അതനുസരിച്ചു പോലീസ് സ്റ്റേഷനില്‍ ഹാജരായ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

റഫീഖിന്റെ ഇഖാമ കോപ്പി ഉപയോഗിച്ച് ക്രിമിനലുകളായ ആളുകള്‍ മൊബൈല്‍ സിം കാര്‍ഡ് വാങ്ങുകയും അത് നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയും ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് ഉള്ളതിനാലായിരുന്നു അറസ്റ്റ്. 20 ദിവസങ്ങള്‍ ജയിലില്‍ കിടന്ന ശേഷമാണു മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റഫീഖ് ജയില്‍ മോചിതനായത്. ഇതിനു മുമ്പ് സിം കാര്‍ഡ് വാങ്ങിയപ്പോള്‍ നല്‍കിയ ഇഖാമ കോപ്പി ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മനസ്സിലായ റഫീഖ് സുഹൃത്തായ സഫീര്‍ കരുനാഗപ്പള്ളി മുഖേനെ മലപ്പുറം ജില്ല ഒ ഐ സി സി കമ്മിറ്റി ഭാരവികളെ വിവരം അറിയിച്ചു.

തുടര്‍ന്ന് ഒ ഐ സി സി കമ്മിറ്റി ഭാരവാഹികള്‍ സാമൂഹ്യ പ്രവര്‍ത്തകരായ തെന്നല മൊയ്തീന്‍ കുട്ടി, സജ്ജാദ് ഖാന്‍, അഷ്രഫ് വടക്കേവിള, അമീര്‍ പട്ടണത്ത് എന്നിവരുടെ സഹായത്തോടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെയും സത്യാവസ്ഥ അധികൃതരെ ബോധിപ്പിക്കാന്‍ നിരന്തര ശ്രമം നടത്തുകയുണ്ടായി. അല്‍ബാഹയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് കുറ്റിച്ചല്‍ ഉള്‍പ്പെടയുള്ളവര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങള്‍ ഇരുപതു ദിവസങ്ങള്‍ക്കു ശേഷം വിജയം കണ്ടപ്പോഴാണ് നിരപരാധിയായ റഫീഖിന് ജയില്‍ മോചനം സാധ്യമായത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളോട് ഉപദേശിക്കാനുള്ളത് ഇതാണ്:

കഴിയുന്നതും ഔദ്യോഗിക ഔട്ട്‌ലെറ്റുകളില്‍ നിന്ന് തന്നെ സിം കാര്‍ഡുകള്‍ വാങ്ങുക. ഏതെങ്കിലും വ്യക്തികളുടെ അടുത്ത് നിന്ന് സിം കാര്‍ഡുകള്‍ വാങ്ങുംബോള്‍ നമ്മുടെ ഇഖാമ കോപ്പി നല്‍കുന്നത് ചിലപ്പോള്‍ ദുരുപയോഗപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കണം.

നമ്മുടെ ഐഡിയിലുള്ള സിം കാര്‍ഡുകള്‍ ആരെങ്കിലും വന്‍ കിട കുറ്റകൃത്യങ്ങള്‍ക്കായി വിനിയോഗിച്ചാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വലുതായിരിക്കും. താഴെ വിവരിക്കുന്ന മാര്‍ഗ്ഗം ഉപയോഗിച്ച് സൗദിയില്‍ ഒരാളുടെ ഐഡി- ഇഖാമ നംബരില്‍ എത്ര സിം കാര്‍ഡുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അറിയാന്‍ സാധിക്കും.

https://portalservices.citc.gov.sa/./MyNumbersInquiry.aspx എന്ന ബ്സൈറ്റ് വഴി ഒരു ഐഡിയില്‍ എത്ര സിം കാര്‍ഡ് രെജിസ്‌റ്റ്രേഷന്‍ നടത്തിയിട്ടുണ്ട് എന്ന് അറിയാന്‍ സാധിക്കും. മേല്‍ കൊടുത്ത സൈറ്റ് ക്ലിക്ക് ചെയുംബോള്‍ കാണുന്ന പേജില്‍ നിന്നും ഇംഗ്‌ളീഷ് സെലക്റ്റ് ചെയ്യുക.ശേഷം ഇഖാമ നംബരും ഇഖാമ നമ്ബറുമായി ലിങ്ക് ഉള്ള ഒരു മൊബൈല്‍ നമ്ബറും നല്‍കാനുള്ള കോളങ്ങളില്‍ അവ പൂരിപ്പിക്കുക.

ശേഷം കാണുന്ന സിംബല്‍ കൂടെ പൂരിപ്പിച്ച് സെര്‍ച്ച് അടിച്ചാല്‍ ഒരു വേരിഫിക്കേഷന്‍ കോഡ് നേരത്തെ നല്‍കിയ മൊബൈല്‍ നംബരിലേക്ക് മെസ്സേജായി വരും. ആ നംബര്‍ വെബ്‌സൈറ്റില്‍ കാണുന്ന കോളത്തില്‍ ചേര്‍ത്ത് continue ക്‌ളിക്ക് ചെയ്താല്‍ നേരത്തെ നല്‍കിയ ഇഖാമ നമ്പരില്‍ രെജിറ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നംബരുകളുടെ വിവരങ്ങള്‍ ലഭിക്കും.

നമ്മുടെ ഇഖാമ നമ്പരില്‍ നമ്മളറിയാതെ വല്ല മൊബൈല്‍ നംബരുകളും ആക്റ്റിവേറ്റ് ആണെങ്കില്‍ ഉടന്‍ തന്നെ മൊബൈല്‍ കംബനിയുടെ കസ്റ്റ്മര്‍ കെയര്‍ സെന്ററുകളില്‍ പോയി അവ കാന്‍സല്‍ ചെയ്യിക്കണം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *