പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി എം.പിമാര്‍

കുവൈത്ത് സിറ്റി :  കുവൈത്തില്‍ നിന്ന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി വീണ്ടും എം.പിമാര്‍.

ഉസാമ അല്‍ ശഹീന്‍, ഹമദ് അല്‍ മത്തര്‍, അബ്‍ദുല്‍ അസീസ് അല്‍ സഖാബി, ശുഐബ് അല്‍ മുവൈസിരി, ഖാലിദ് അല്‍ ഉതാബി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെടുന്ന പുതിയ ബില്‍ കൊണ്ടുവന്നത്.

രാജ്യത്തെ പൊതുസാമ്പത്തിക നില മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും മറ്റ് രാജ്യങ്ങളിലേക്കുള്ള പണത്തിന്റെ കൈമാറ്റം നിയന്ത്രിക്കാനും ലക്ഷ്യമിടുന്നതാണ് ബില്ലെന്ന് ഇവര്‍ വിശദീകരിച്ചു.

കുവൈത്തില്‍ നിന്ന് ലക്ഷക്കണക്കിന് ദിനാര്‍ വിദേശത്തേക്ക് കടത്തപ്പെട്ടതായി ഫിനാന്‍ഷ്യല്‍ ക്രൈം എന്‍ഫോഴ്‍സ്‍മെന്റ് നെറ്റ്‍വര്‍ക്ക് അടക്കമുള്ള ഏജന്‍സികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കൂടിയാണ് ബില്ല് കൊണ്ടുവരുന്നതെന്നും ഇവര്‍ വിശദീകരിച്ചു.

പുതിയ ബില്ലിലെ നിയമങ്ങള്‍ നടപ്പായാല്‍ കുറഞ്ഞത് 100 ദശലക്ഷം ദിനാറിന്റെയെങ്കിലും  അധിക വാര്‍ഷിക വരുമാനമുണ്ടാകുമെന്നും വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷകള്‍ ലഭിക്കുമെന്നും എം.പി ഉസാമ അല്‍ ശഹീന്‍ പറയുന്നു.

നിലവില്‍ വിദേശത്തേക്ക് പണം അയക്കുമ്പോള്‍ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന് ഒന്നും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വാദം.

ഏത് വിദേശരാജ്യത്തേക്ക് പണം അയക്കുമ്പോഴും തുകയുടെ 2.5 ശതമാനം നികുതി ഈടാക്കണമെന്നാണ് ആവശ്യം. നിക്ഷേപ സംരക്ഷണ കരാറുകളിന്മേലുള്ള പണം ഇടപാടുകളെയും സര്‍ക്കാറിന്റെ ഇടപാടുകളെയും ഇതില്‍ നിന്ന്  ഒഴിവാക്കണം.

വിദേശത്ത് പഠിക്കുന്ന സ്വദേശികള്‍, വിദേശത്ത് ചികിത്സ തേടുന്ന സ്വദേശികള്‍ എന്നിവര്‍ക്ക് പുറമെ വര്‍ഷം 10,000 ദിനാറില്‍ താഴെയുള്ള തുക മാത്രം അയക്കുന്നവരെയും നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

നേരത്തെയും പലതവണ കുവൈത്തില്‍ സമാനമായ ആവശ്യങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും അവയ്‍ക്കൊന്നും അംഗീകാരം ലഭിച്ചിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *