ദേശീയ കായികദിനത്തിന് തയ്യാറെടുത്ത് ഖത്തര്‍…പ്രവാസികള്‍ക്കും അവസരങ്ങള്‍

ദോഹ: ഏഴാമത് ദേശീയ കായികദിനത്തിന് രാജ്യത്തെ ജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വ്യത്യസ്ത കായികാനുഭവം നല്‍കാന്‍ രാജ്യം സജ്ജമായി. ഫെബ്രുവരി പതിമൂന്നിനാണ് ഇത്തവണ ദേശീയ കായികദിനം. എല്ലാവര്‍ഷവും ഫെബ്രുവരി രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായികദിനമായി ആചരിക്കുന്നത്. പതിവുപോലെ ഇത്തവണയും പ്രവാസികളെയും ഉള്‍പ്പെടുത്തിയാണ് കായികദിനം ആഘോഷിക്കുന്നത്. ഖത്തര്‍ ദേശീയ കായിക ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒട്ടുമിക്ക പ്രവാസി സംഘടനകളുടെയും കായികമേളകള്‍ക്ക് തുടക്കമായിട്ടുണ്ട്.

Loading...

ആരോഗ്യകരമായ ജീവിതശൈലിയില്‍ കായികത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടാണ് കായികദിനം ആഘോഷിക്കുന്നത്. ദേശീയ കായികദിനത്തില്‍ മറ്റുതരത്തിലുള്ള പരിപാടികള്‍ ഒഴിവാക്കി വ്യക്തിജീവിതത്തില്‍ കായികത്തിന്റെ പ്രാധാന്യം ശക്തിപ്പെടുത്തികൊണ്ടുള്ള ശാരീരിക വ്യായാമ പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നേരത്തേ തന്നെ കായിക സാംസ്‌കാരിക മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രമാണ് കായികദിനത്തില്‍ അനുവദിക്കുക.

സ്വകാര്യ, പൊതു സ്ഥാപനങ്ങളുടെയും വിവിധ മന്ത്രാലയങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായാണ് കായികദിന പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഏഷ്യന്‍ ടൗണില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം പ്രവാസി സമൂഹത്തിനായും വ്യത്യസ്ത കായികപരിപാടികള്‍ നടക്കും. കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി വ്യത്യസ്തവും പുതുമയാര്‍ന്നതുമായ കായിക പരിപാടികളും ഗെയിമുകളുമാണ് രാജ്യത്തെ പ്രധാന കായികദിന വേദിയായ ആസ്?പയര്‍ സോണില്‍ നടക്കുന്നത്. കായികദിനത്തില്‍ പൊതു അവധി പ്രഖ്യാപിക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും കായികദിനാഘോഷത്തില്‍ പങ്കെടുക്കാം.

കായിക ഉപകരണങ്ങളുടെയും ഉത്പന്നങ്ങളുടെയും വ്യത്യസ്ത ഡിസൈനുകളുമായി വിപണികളും സജീവമാണ്. സൈക്കിള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിരവധി ഓഫറുകളും വിലക്കിഴിവുമായി ഇത്തവണയും വിപണി തയ്യാറെടുത്തു കഴിഞ്ഞു. ദേശീയ കായിക ഫെഡറേഷനുകളുമായി സഹകരിച്ചാണ് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ദേശീയ കായികദിന പരിപാടികള്‍ ആസ്?പയര്‍ പാര്‍ക്കില്‍ നടക്കുന്നത്.

പൊതുജനങ്ങള്‍ക്കായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ബാസ്‌കറ്റ് ബോള്‍, ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ്, ഭാരമുയര്‍ത്തല്‍ തുടങ്ങി നിരവധി പരിപാടികളാണ് രാവിലെ എട്ടരമുതല്‍ വൈകിട്ട് നാലുവരെ അരങ്ങേറുന്നത്.ഇത്തവണ 12 ഫെഡറേഷനുകളാണ് ദേശീയ കായികദിനത്തില്‍ ആസ്?പയര്‍ പാര്‍ക്കില്‍ കായിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസ്സിം അല്‍ ബുനെയ്ന്‍ പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള ജനങ്ങള്‍ക്ക് ഒരുമിച്ച് ഒത്തുകൂടാനും ആസ്വദിക്കാനുമുള്ള ദിവസമാണ് ദേശീയ കായിക ദിനമെന്നും അദ്ദേഹം പറഞ്ഞു.

ആസ്പയര്‍ സോണില്‍ ഇരുപതിലധികം പരിപാടികള്‍

ഏഴാമത് ദേശീയ കായിക ദിനാഘോഷത്തില്‍ രാജ്യത്തെ പ്രധാന കായികകേന്ദ്രമായ ആസ്?പയര്‍ സോണില്‍ ഇരുപതിലധികം കായിക പരിപാടികളാണ് നടത്തുന്നത്. സമൂഹത്തിലെ ആരോഗ്യമുള്ള എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വ്യത്യസ്ത കായിക, ഫിറ്റ്നസ് പരിപാടികളാണ് ആസ്?പയര്‍ സോണ്‍ ഒരുക്കുന്നത്.

കുടുംബ സൗഹൃദ അന്തരീക്ഷത്തില്‍ കായിക പരിപാടികള്‍ക്കുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി വരുകയാണെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ദേശീയ കായികദിന സംഘാടക കമ്മിറ്റി ചെയര്‍മാന്‍ നാസ്സര്‍ അബ്ദുല്ല അല്‍ ഹജിരി പറഞ്ഞു.

ഇത്തവണ ഡോഡ്ജ് ബാള്‍ ആണ് പ്രധാന ആകര്‍ഷണം. ഹാന്‍ഡ്ബോളിന് സമാനമായ ഗെയിം കായിക പ്രേമികളില്‍ ആവേശമുണര്‍ത്തും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് മൂന്നുവരെയാണ് ഫുട്ബോള്‍ പിച്ച് പത്തില്‍ കായികദിന പരിപാടികള്‍ നടക്കുന്നത്.

ജപ്പാന്‍ എംബസിയുടെ സഹകരണത്തില്‍ ഫുട്ബോള്‍ പിച്ച് പത്തില്‍ രാവിലെ ഒന്‍പതുമുതല്‍ ഒന്ന് വരെ ജാപ്പനീസ് കെന്‍ഡോയുടെ അവതരണമുണ്ടാകും. സന്ദര്‍ശകര്‍ക്ക് കെന്‍ഡോയില്‍ പങ്കെടുക്കാന്‍ അവസരവുമുണ്ട്.

11-ന് ആസ്?പതാര്‍ വെസ്റ്റ് വിങ്ങില്‍നിന്നും നോര്‍ഡിക് വാക്ക് നടക്കും. മികച്ച വ്യായാമങ്ങളിലൊന്നാണിത്. കുട്ടികള്‍ക്കായി ബൂട്ട് കാമ്പ്, ടെലിമാച്ച് മത്സരങ്ങള്‍, ഫുട്ബോള്‍, ആയോധന കലകള്‍, സ്ലാക്ക്ലൈന്‍ സ്‌കില്‍സ് അവതരണം എന്നിവയെല്ലാം ഫുട്ബോള്‍ പിച്ച് പത്തില്‍ ഒന്‍പതുമുതല്‍ മൂന്നുവരെ നടക്കും.

കൂടാതെ ഫേസ്പെയിന്റിങ്, കല, കരകൗശലവിദ്യകള്‍, സ്‌കിപ്പിങ് റോപ്പ്, ഒബ്സറ്റക്കിള്‍ കോഴ്സ് എന്നിവയും പിച്ച് പത്തില്‍ രാവിലെ എട്ടരമുതല്‍ 12 വരെ നടക്കും.

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി ആസ്?പയര്‍ ഡോമില്‍ നിരവധി പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഹാമര്‍ ത്രോ, വെര്‍ട്ടിക്കല്‍ ജമ്പ് എന്നിവ ഇന്‍ഡോര്‍ അത്ലറ്റിക് ട്രാക്കില്‍ രാവിലെ 10 മുതല്‍ നാലുവരെ നടക്കും.

ഇന്‍ഡോര്‍ ഫുട്ബോള്‍ പിച്ചില്‍ ഫുട്ബോള്‍ കഴിവുകളുടെ അവതരണവുമുണ്ട്. ചെറിയ കുട്ടികള്‍ക്കായുള്ള പരിപാടികള്‍ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒന്നില്‍ രാവിലെ 10 മുതല്‍ നാലുവരെയാണ്.

ചെറിയ പെണ്‍കുട്ടികള്‍ക്കായി റാക്കറ്റ് സ്പോര്‍ട്സ്, ജിംനാസ്റ്റിക്്സ് സര്‍ക്യൂട്ട് പരിപാടികള്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍ രണ്ടില്‍ 10 മുതല്‍ ഒന്നുവരെ നടക്കും. ടീം ബില്‍ഡിങ് വ്യായാമങ്ങള്‍ ജിംനാസ്റ്റിക്സ് ഹാളില്‍ 10 മുതല്‍ മൂന്നുവരെ നടക്കും.

ആസ്?പയര്‍ സോണിലെ പ്രധാന ഇനമായ ഫണ്‍ റണ്‍ രാവിലെ എട്ടിന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ടോര്‍ച്ച് ഹോട്ടലിനും ഇടയില്‍ തുടക്കമാകും. രണ്ടര കിലോമീറ്റര്‍ ഓട്ടം ഖലീഫ സ്റ്റേഡിയത്തിന് ചുറ്റുമാണ്. രജിസ്ട്രേഷന്‍ രാവിലെ ആറരമുതല്‍ ഏഴര വരെയാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *