ഖത്തറില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു

ദോഹ : മിനിമം വേതനം ഉൾപ്പെടെയുള്ള ഖത്തറിന്റെ പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളി-തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ കാര്യക്ഷമത ഉറപ്പാക്കാനും വഴിയൊരുക്കും.

മിനിമം വേതനം സംബന്ധിച്ച 2020 ലെ 17-ാം നമ്പർ നിയമം,  തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള 2004 ലെ 14-ം നമ്പർ തൊഴിൽ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ 18-ാം നമ്പർ നിയമം,  പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 19-ാം നമ്പർ നിയമം എന്നിവയാണ് രാജ്യത്ത് പ്രാബല്യത്തിലായ പുതിയ തൊഴിൽ പരിഷ്‌കാരങ്ങൾ.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ നിയമങ്ങൾ പ്രാബല്യത്തിലായി. നടപ്പാക്കൽ ചട്ടങ്ങളുടെ നടപടിക്രമങ്ങളിലാണ് തൊഴിൽ മന്ത്രാലയം.

1962 ലെ 3-ാം നമ്പർ തൊഴിൽ നിയമത്തിൽ മിനിമം വേതനം സംബന്ധിച്ച പരാമർശം ഉണ്ടെങ്കിലും നിയമമായത് ഇതാദ്യമാണ്.

തൊഴിൽ വിപണിയിലെ താഴെ തട്ടുമുതൽ മുകൾതട്ടിലുള്ളവർക്ക് വരെ ഗുണകരമാകുന്നതാണ് പുതിയ നിയമമെന്ന് ദോഹയിലെ പ്രമുഖ നിയമകാര്യ വിദഗ്ധൻ അഡ്വ.നിസാർ കോച്ചേരി ചൂണ്ടിക്കാട്ടി.

വീട്ടു ജോലിക്കാർ, ഫാമുകളിലെ തൊഴിലാളികൾ തുടങ്ങി പ്രഫഷനൽ വിഭാഗങ്ങൾക്ക് വരെ പുതിയ നിയമം പ്രയോജനപ്പെടും.

സാമ്പത്തിക വളർച്ചയ്ക്ക് മാത്രമല്ല തൊഴിൽ വിപണിയിലെ മത്സരക്ഷമതയും ഉൽപാദനക്ഷമതയും ശക്തിപ്പെടുത്തൽ തുടങ്ങി തൊഴിലാളിയുടേയും കുടുംബത്തിന്റെയും ആവശ്യകതകൾ പോലും കണ്ടറിഞ്ഞുകൊണ്ടുള്ളതാണ് നിയമം.

പുതിയ നിയമ പ്രകാരം അടിസ്ഥാന വേതനം 1,000 റിയാൽ ആണ്. തൊഴിലാളിക്ക് ഭക്ഷണവും താമസവും നൽകുന്നില്ലെങ്കിൽ 500 റിയാൽ താമസത്തിനും 300 റിയാൽ ഭക്ഷണത്തിനും ഉൾപ്പെടെ 1,800 റിയാൽ നൽകിയിരിക്കണം.

ആർട്ടിക്കിൾ 43-ലെ പുതിയ ഭേദഗതി പ്രകാരം  മത്സര രഹിത വ്യവസ്ഥയുടെ കാലാവധി 2 വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ചതും പ്രഫഷനൽ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. തൊഴിൽ മാറുന്ന തീയതി മുതൽ വിലക്ക് ഒരു വർഷത്തിൽ കൂടാൻ പാടില്ലെന്നാണ് വ്യവസ്ഥ.

ജോലിയുടെ സ്വഭാവം തൊഴിലുടമയുടെ ബിസിനസ് രഹസ്യങ്ങളെയോ ഉപഭോക്താക്കളെയോ ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ കരാറിൽ  ഇത്തരമൊരു വ്യവസ്ഥ ഉണ്ടാകുകയുള്ളു.

കരാറിൽ മത്സര രഹിത വ്യവസ്ഥ ഉണ്ടെങ്കിൽ തൊഴിൽ കരാർ റദ്ദായ ശേഷം ഒരു വർഷത്തേക്ക് തൊഴിലുടമയുമായി മത്സരത്തിനോ അല്ലെങ്കിൽ സമാന സാമ്പത്തിക മേഖലയിൽ ഏതെങ്കിലും തരത്തിൽ മത്സരസ്വാഭാവമുള്ള ബിസിനസിന്റെ ഭാഗമാകുകയോ ചെയ്യാൻ പാടില്ല.

തൊഴിൽ മാറ്റം സംബന്ധിച്ച 2020 ലെ 18-ാം നമ്പർ നിയമവ്യവസ്ഥകൾ പ്രകാരവും മുൻകൂർ നോട്ടിസ് നൽകാതെ ജോലി രാജിവയ്ക്കുമ്പോഴുള്ള വിലക്കും ഒരു വർഷമാക്കിയിട്ടുണ്ട്.

തൊഴിലുടമയെ സംബന്ധിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലുള്ള ചെലവുകൾ കുറയ്ക്കാൻ കഴിയുമെന്നതും നേട്ടമാണെന്ന് അഡ്വ.നിസാർ കോച്ചേരി പറഞ്ഞു.

കഴിവുള്ള യോഗ്യരായ ഉദ്യോഗാർഥികളെ ദോഹയിൽ നിന്ന് തന്നെ കണ്ടെത്താൻ പുതിയ തൊഴിൽ മാറ്റത്തിലെ വ്യവസ്ഥകൾ സഹായകമാണ്. മിടുക്കരായ ജോലിക്കാർക്ക് നല്ല വേതന പാക്കേജ് നൽകി കമ്പനി

യിൽ നിലനിർത്താനും തൊഴിലുടമകൾ ബാധ്യസ്ഥരാകും. മുകൾതട്ടിലുള്ളവർ പുതിയ തൊഴിൽ മേഖലകൾ തേടി പോകുമ്പോൾ താഴെയുള്ള ജോലിക്കാർക്ക് വിദഗ്ധ പരിശീലനം നൽകി അവരുടെ പ്രാവീണ്യവും കഴിവുകളും ഉയർത്തി മികച്ച ജീവിതസാഹചര്യങ്ങൾ നൽകുന്നതിലൂടെ കമ്പനികളുടെ മാനവ വിഭവശേഷി (എച്ച്ആർ) ഉചിതമായി വിനിയോഗിക്കാനും കഴിയും.

ചുരുക്കി പറഞ്ഞാൽ കമ്പനിയുടെ എച്ച്ആർ നയങ്ങൾ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാകും.

പുതിയ തൊഴിൽമാറ്റ വ്യവസ്ഥകൾ പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയും മികച്ച അവസരങ്ങളുമാണ് നൽകുന്നത്. നേരത്തെ, തൊഴിൽ കരാർ കാലാവധി പൂർത്തിയായാൽ മാത്രമേ തൊഴിൽ മാറ്റം അനുവദിച്ചിരുന്നുള്ളു.

എന്നാൽ പ്രബേഷൻ കാലാവധിയിൽ വരെ ജോലി മാറാം എന്ന പുതിയ വ്യവസ്ഥ ആശ്വാസകരമാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് തൊഴിൽ സാഹചര്യങ്ങൾ അനുയോജ്യമല്ലെങ്കിൽ മറ്റൊരു കമ്പനിയിലേക്ക് മാറാമെന്നതാണ് ഗുണം.

തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ആർപി പുതുക്കാൻ കഴിഞ്ഞില്ലെങ്കിലും പുതിയ തൊഴിലിലേയ്ക്ക് മാറാൻ കാലാവധി കഴിഞ്ഞ തീയതി മുതൽ 90 ദിവസത്തെ സമയം ലഭിക്കുമെന്ന് പ്രവാസികളെ സംബന്ധിച്ച് സൗകര്യപ്രദവുമാണ്.

റസിഡന്റ് പെർമിറ്റ് (ആർപി) റദ്ദായാലും 3 മാസം വരെ പിഴയില്ലാതെ നിയമവിധേയമായി രാജ്യത്ത് തുടരാനുള്ള അനുമതി നേരത്തെയുണ്ട്.

പുതിയ നിയമങ്ങളുടെ നേട്ടങ്ങൾ

മിനിമം വേതനം 1,800 റിയാൽ (ഭക്ഷണവും താമസവും ഇല്ലെങ്കിൽ) പ്രബേഷൻ കാലാവധിയിലും ജോലി മാറാം                                                            ജോലി മാറ്റത്തിന് തൊഴിലുടമയുടെ അനുമതി വേണ്ട                                  മത്സര രഹിത വ്യവസ്ഥയിൽ വിലക്ക് ഒരു വർഷം മാത്രം                            ആർപി കാലാവധി കഴിഞ്ഞാലും തൊഴിൽ മാറാം.                                          വ്യവസ്ഥകൾ പാലിച്ചു കൊണ്ടുള്ള തൊഴിൽമാറ്റം സേവന ആനുകൂല്യങ്ങൾക്കും അര്‍ഹാമാകും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *