യെമനില്‍ നാശം വിതച്ച ശേഷം മെക്കുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്… സര്‍വ്വ സന്നാഹങ്ങളും കരുതി വെച്ച് കാറ്റിനെ നേരിടാന്‍ ഉറച്ച് ഒമാന്‍

മസ്‌കറ്റ്: യെമെനിലെ സൊകോത്ര ദ്വീപില്‍ നാശം വിതച്ച ശേഷം മെക്കുനു കൊടുങ്കാറ്റ് ഒമാനിലേക്ക് നീങ്ങി തുടങ്ങി. സൊകൊത്ര ദ്വീപില്‍ കനത്ത നാശനഷ്ടമാണ് മെക്കുനു ചുഴലിക്കാറ്റ് വിതച്ചത്. ഒട്ടേറെ ഗ്രാമങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സൊകോത്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റിലും മഴയിലുംപെട്ട് 17 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സൊകോത്രയില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റ് ഒമാന്‍ തീരത്തെത്തുന്നതോടെ മട്ട് ആകെ മാറും.

Loading...

ഒമാന്‍ തീരത്ത് എത്തുന്നതോടെ കാറ്റഗറി-2വിലേക്ക് മാറുന്ന കാറ്റ് വിനാശകാരിയായി മാറുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ഉയര്‍ന്ന വേഗത്തിലുള്ള കാറ്റും ഇടിയും മിന്നലോടെയുള്ള കനത്ത മഴയും അനുഭവപ്പെടും. കാറ്റ് അതിശക്തമാകുമെന്നതിനാല്‍ സലാലാ വിമാനത്താവളം 24 മണിക്കൂറത്തേക്ക് അടച്ചിട്ട. ഇന്ന് വെളുപ്പിന് 12 മണിക്ക് തന്നെ വിമാനത്താവളം അടച്ചിട്ടു. മണിക്കൂറില്‍ 170 മുതല്‍ 230 വരെ കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കടല്‍ പ്രക്ഷുബ്ധമാണ്. തിരമാലകള്‍ അഞ്ചുമുതല്‍ എട്ടുമീറ്റര്‍വരെ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങളോട് കടല്‍ തീരത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സലാലയില്‍ നിന്ന് 440 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ കേന്ദ്രസ്ഥാനം. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് ശക്തമായി ബാധിക്കുമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസ് സംഘങ്ങളും ആംബുലന്‍സ് സിവില്‍ ഡിഫന്‍സ് പോലുള്ള രക്ഷാപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജ്യത്ത് കാലാവസ്ഥാമാറ്റം അനുഭവപ്പെടുകയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കടലില്‍ കുളിക്കാനിറങ്ങരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മെക്കുനുവിനെ നേരിടാന്‍ അതിവിപുലമായ സജ്ജീകരണങ്ങളാണ് ഒമാന്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. സിവില്‍ ഡിഫന്‍സ്, മുനിസിപ്പാലിറ്റി, ആരോഗ്യവകുപ്പ് , ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അഥോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകള്‍ അടിയന്തരയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനിച്ചു. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെയും ഡയാലിസിന് വിധേയമാകുന്നവരെയും റോയല്‍ എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വ്യോമമാര്‍ഗം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. രോഗികളെ മാറ്റുന്ന ചിത്രങ്ങള്‍ ആരോഗ്യമന്ത്രാലയം ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാദികള്‍ നിറഞ്ഞൊഴുകുമെന്നതിനാല്‍ റോഡ് മാര്‍ഗം യാത്രചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണം. ആശുപത്രികളില്‍ ആവശ്യത്തിന് ഉപകരണങ്ങളും മരുന്നുകളും ജീവനക്കാരും സജ്ജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സലാലയിലെ പെട്രോള്‍ പമ്ബുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളും വ്യാഴാഴ്ച വൈകീട്ടോടെ വന്‍ തിരക്കനുഭവപ്പെട്ടു. മലയാളികളുള്‍പ്പെടെയുള്ള താമസക്കാര്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ മുനിസിപ്പാലിറ്റിയുമായി 1771 എന്ന നമ്ബറില്‍ വിളിക്കാം.

മെകുനു ചുഴലിക്കാറ്റ് യു.എ.ഇ.യെയും ചെറുതായി ബാധിക്കുമെന്ന് മുനിസിപ്പാലിറ്റിയുടെ നിരീക്ഷണകേന്ദ്രം. രാജ്യത്തെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും. വെള്ളി, ശനി ദിവസങ്ങളില്‍ ദുബായ് അടക്കമുള്ള എമിറേറ്റുകളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റ് വീശുക. പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയാകും. പലയിടങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം കൂടും.

അതിശക്തമായ കാറ്റു വീശുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഒമാനിലെ മലയാളികളും ആശങ്കയിലാണ്. വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ മിക്ക മലയാളികളും റൂം വിട്ട് പുറത്തിറങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *