ബാപ്പയെ അവസാനമായി കാണാന്‍ വിധി അനുവദിച്ചില്ല…ചതിച്ച കൂട്ടുകാരന്‍ അറിയുന്നുണ്ടോ കുവൈത്ത് ജയിലില്‍ റാഷിദ് അനുഭവിച്ച വേദനകള്‍

കാഞ്ഞങ്ങാട്: ഇതൊരു പ്രവാസിയുടെ ജീവിത കഥയാണ്. പ്രവാസികള്‍ക്ക് വലിയ മുന്നറിയിപ്പാണ് കാഞ്ഞങ്ങാട് ചേലക്കാടത്ത് റാഷിദിന്റെ ജയില്‍ വാസവും മോചനവും. നന്നായി ജോലി ചെയ്ത് കഴിഞ്ഞു പോയ ഇദ്ദേഹം നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ കൂട്ടുകാരനെ സഹായിച്ചതാണ്. കൂട്ടുകാരന്‍ കണ്ണടയും, മരുന്നും എന്നു പറഞ്ഞ് റാഷിനോട് കൊണ്ടുവരാന്‍ പറഞ്ഞ പൊതിയായിരുന്നു ചതിച്ചത്. കൂട്ടുകാരന്‍ കുവൈറ്റിലാണ്. ഇയാളുടെ വീട്ടില്‍ നിന്നും മരുന്നും കണ്ണടയും വാങ്ങികൊണ്ടുവരണം എന്നു പറഞ്ഞ പ്രകാരം റാഷിദ് അത് സമ്മതിച്ചു. മരുന്നല്ലേ…..ഒഴിവാക്കുന്നത് ശരിയാണോ എന്ന് ആ പാവം പ്രവാസി ചിന്തിച്ചു. കുവൈത്ത് അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായ റാഷിദിന്റെ ജീവിതത്തില്‍ 2014 ജൂണിലാണ് ആ സംഭവം നടന്നത്.

തനിക്കു മാട്ടൂലില്‍ പോയി പായ്ക്കറ്റ് വാങ്ങാന്‍ സമയമുണ്ടാകില്ലെന്ന് റാഷിദ് പറഞ്ഞതിനെ തുടര്‍ന്ന് ഒരു അപരിചിതന്‍ കാഞ്ഞങ്ങാട്ട് വന്നു പായ്ക്കറ്റ് റാഷിദിനെ ഏല്‍പിച്ചു. ലഹരിമരുന്നാണെന്നറിയാതെ റാഷിദ് പായ്ക്കറ്റ് ഭദ്രമായി ലഗേജില്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ലഗേജ് സ്‌കാനിങ്ങില്‍ റാഷിദ് കുടുങ്ങി. പാക്കറ്റില്‍ ഹാഷിഷും, മറ്റ് മയക്കു മരുന്ന് പൊടികളും!.. 2014 ജൂണ്‍ 25നു രാത്രി അവധി കഴിഞ്ഞു മടങ്ങുമ്പോഴാണു ലഗേജില്‍ ലഹരിമരുന്നുമായി കുവൈത്ത് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. അവരോട് കരഞ്ഞ് കാലുപിടിച്ച് പറഞ്ഞിട്ടും ലഹരി മരുന്ന് കടത്ത്കാരന്‍ എന്ന് മുദ്രയടിച്ച് ജയിലില്‍ അടച്ചു. കേസ് നടത്തി എങ്കിലും അതും തോറ്റു. അങ്ങനെ കോടതി റാഷിദിനു 10 ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം തടവും വിധിച്ചു. അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ 2016 മാര്‍ച്ചില്‍ റാഷിദിന്റെ പിതാവ് അബൂബക്കര്‍ മരിച്ചു. പിതാവിന് അസുഖം കൂടുതല്‍ ആയി അറിയിപ്പ് വന്നിട്ടും മരിച്ചതറിഞ്ഞിട്ടും പോകാനോ ഒരു നോക്ക് കാണാനോ സാധിച്ചില്ല. എല്ലാം കൂട്ടുകാരന്റെ പൊതി കാരണം.

റാഷിദിന്റെ മോചനത്തിനായി വീട്ടുകാരും നാട്ടുകാരും കുവൈത്തിലെ സുഹൃത്തുക്കളും കഠിന ശ്രമത്തിലായിരുന്നു. ജനകീയ സമിതി രൂപീകരിക്കുകയും കേസ് നടത്താന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഒടുവില്‍ കുവൈത്ത് രാജാവ് റാഷിദിന്റെ ശിക്ഷ കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുവൈത്തില്‍ നിന്നു മുംബൈക്കു റാഷിദിനെ വിമാനം കയറ്റി വിട്ടത്. അവിടെ നിന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ഞായറാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിലെത്തി. കണ്ണീരോടെ കാത്തിരിക്കുകയായിരുന്ന ഉമ്മ കുഞ്ഞായിസക്കും സഹോദരി റാഷിദയ്ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ദുഃഖത്തിലും ആനന്ദത്തിലും കുതിര്‍ന്നൊരു പെരുന്നാളാണ് ഇക്കുറി റാഷിദിന്.

വിമാനത്തില്‍ പോകുമ്പോള്‍ സുഹൃത്തുക്കള്‍ തന്നുവിടുന്ന പൊതികള്‍ ഒരിക്കലും തുറന്ന് നോക്കാതെ വാങ്ങരുത്. എത്ര വലിയ കൂട്ടുകാരനോ സഹോദരനോ ആകട്ടേ. മരുന്ന് എന്ന് പറഞ്ഞാല്‍ ആ പേരുള്ള മരുന്നിന്റെ പ്രിസ്‌ക്രിപ്ഷന്‍ രസീത് ബന്ധപ്പെട്ട ഡോക്ടറില്‍ നിന്നും വാങ്ങണം. അല്ലാതെ മരുന്ന് പോലും കൊണ്ടുവരരുത്. കാരണം ഏത് ജീവന്‍ രക്ഷാ ആവശ്യത്തിനും അത്യാവശ്യം എല്ലാ മരുന്നും ചികില്‍സയും എല്ലാ വിദേശ രാജ്യങ്ങളിലും ലഭ്യമാണ്. മരുന്ന് എന്ന് കേട്ടാല്‍ പോലും മനസലിഞ്ഞ് പൊതികള്‍ തുറന്ന് നോക്കാതെ വാങ്ങരുത്. ഇത്തരത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 12-ഓളം മലയാളികള്‍ ഇപ്പോള്‍ ജയിലില്‍ കിഴിയുകയാണ്. അവര്‍ ചെയ്യാത്ത കുറ്റത്തിന്. ശിക്ഷ കഴിഞ്ഞ് പണിയും വരുമാനവും ഇല്ലാതെ അവര്‍ നാട്ടിലേക്കു മടങ്ങണം. ഈ സമയത്തും പൊതി കൊടുത്തുവിട്ടവരും, ആ സുഹൃത്തുക്കളും അവരുടെ ജോലിയും ബിസിനസും നന്നായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *