കോവിഡ്: ദുരിതമനുഭവിക്കുന്ന പ്രവാസികളെ ക്ഷേമനിധി ഉപയോഗിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യം

അബുദാബി : കോവിഡ് പ്രതിസന്ധിയിൽപെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികളെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ക്ഷേമനിധി) ഉപയോഗിച്ച് നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പ്രവാസി ഇന്ത്യക്കാരിൽ നിന്ന് അവരുടെ ക്ഷേമത്തിനായി  ഈടാക്കിയ കോടിക്കണക്കിനു രൂപ സർക്കാരിന്റെ കൈവശമുള്ളപ്പോൾ അതു ചെലവഴിക്കാൻ എന്തിനു മടിക്കുന്നുവെന്നാണ് ഗൾഫിലെ പ്രവാസി സംഘടനകൾ ചോദിക്കുന്നത്.

അടിയന്തര സാഹചര്യമുള്ള ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അതു ചെലവാക്കുകയെന്നും യുഎഇയിലെ വിവിധ സംഘടനാ ഭാരവാഹികൾ ചോദിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി പ്രവാസികളിൽനിന്ന് ഈടാക്കി വച്ചതും മുൻ കാലങ്ങളിൽ ഗൾഫിലേക്കു വരുന്നവരിൽ നിന്ന് ഇസിഎൻആർ സ്റ്റാംപ് ചെയ്യാനായി വൺവേ ടിക്കറ്റ് ഇനത്തിൽ സ്വരൂപിച്ച  തുകയും ചേർത്ത് സർക്കാരിന്റെ പക്കലുള്ളത് കോടിക്കണക്കിനു രൂപയാണ്.

ഈ ഘട്ടത്തിൽ പ്രവാസികൾക്കായി ആ തുക വിനിയോഗിക്കണമെന്ന് ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ് സി) ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

2007ലെ കണക്കുപ്രകാരം എമിഗ്രേഷൻ ഫണ്ടിനിത്തിൽ 24,000 കോടി രൂപ ഉണ്ടെന്നാണ് റിപ്പോർട്ട്. 1990ൽ കുവൈത്ത് യുദ്ധകാലത്ത് ഇത്ര സൗകര്യം പോലുമില്ലാതിരുന്നിട്ടും 1.9 ലക്ഷം പേരെ കേന്ദ്ര സർക്കാർ സൗജന്യമായാണ് നാട്ടിലെത്തിച്ചത്.

ആധുനിക സംവിധാനവും ഒട്ടേറെ വിമാനത്താവളവും യാത്രാ സൗകര്യങ്ങളും പ്രവാസികളുടെ ക്ഷേമനിധി തുകയും ഉള്ളപ്പോൾ വളരെ വ്യവസ്ഥാപിതമായി ചെയ്യാവുന്ന കാര്യങ്ങളാണിതെന്നും സൂചിപ്പിച്ചു.

നാടിന്റെ  സാമ്പത്തിക വികസനത്തിന്  ഏറെ സഹായകമാകുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര സർക്കാർ കാട്ടുന്ന നിഷേധാത്മക സമീപനം അംഗീകരിക്കാനാവില്ലെന്നു അബുദാബി കേരള സോഷ്യൽ സെന്റർ (കെഎസ്‌സി) പ്രസിഡന്റ് വിപി കൃഷ്ണകുമാറും ജനറൽ സെക്രട്ടറി ലൈന മുഹമ്മദും  ആവശ്യപ്പെട്ടു.

കോവിഡു മൂലം  നട്ടം തിരിയുന്ന ഒട്ടേറെ പ്രവാസികൾക്ക് ക്ഷേമനിധിയിൽ നിന്ന് സഹായങ്ങൾ ലഭ്യമാക്കണം. ഗൾഫ്  യുദ്ധകാലത്തിനു സമാനമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും സർക്കാരിൽനിന്ന് നിർലോഭമായ സഹായം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.

ക്ഷേമനിധി  വിനിയോഗിക്കുന്നതിൽ വിരോധമില്ലെന്ന് കേന്ദ്ര സർക്കാരും വിനിയോഗിക്കണമെന്ന് ഹൈക്കോടതിയും പറഞ്ഞിട്ടും വിദേശ രാജ്യങ്ങളിലുള്ള  നയതന്ത്ര കാര്യാലയങ്ങൾ അതിന് മുൻകയ്യെടുക്കുന്നില്ലെന്നാണ് മനസിലാകുന്നതെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ പറഞ്ഞു. പ്രവാസികളിൽ എല്ലാവർക്കും ഈ സഹായം ആവശ്യമില്ല.

എന്നാൽ ജോലി നഷ്ടപ്പെട്ടും വീസ കാലാവധി കഴിഞ്ഞും രോഗം കൊണ്ട് വലഞ്ഞും പ്രയാസപ്പെടുന്ന നിരവധിയാളുകളുണ്ട്. താമസിക്കാനിടമില്ലാതെയും ഭക്ഷണത്തിനും ബുദ്ധിമുട്ടിയും ടിക്കറ്റെടുക്കാൻ വകയില്ലാതെയും കഴിയുന്നവർക്കെങ്കിലും ആശ്വാസമെത്തിക്കാൻ ഈ തുക വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രവാസികളിൽനിന്ന് ഈടാക്കിവച്ച കോടിക്കണക്കിനു രൂപ സർക്കാരിൽ കെട്ടിക്കിടക്കുമ്പോൾ അടിയന്തര സാഹചര്യത്തിൽ നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്ന നടപടി ശരിയല്ലെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വർഗീസ് പറഞ്ഞു.

ഇതിന് ഒഴിപ്പക്കൽ എന്നു പറയാനാവില്ല.  സർക്കാർ ഒരുക്കുന്ന അവസരം പ്രയോജനപ്പെടുത്തേണ്ടവരുടെ പട്ടിക എംബസി തയാറാക്കി അവരെ അറിയിക്കുന്നു. പണം കൊടുത്തു പോകാൻ തയ്യാറുള്ളവരാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.

പാവപ്പെട്ടവർക്കുകൂടി രാജ്യത്തെത്താൻ സർക്കാർ അവസരമൊരുക്കണം. വിവിധ രാജ്യങ്ങളിൽനിന്ന് യുദ്ധക്കപ്പലുകളിൽ നാട്ടിലെത്തിച്ച  പ്രവാസികളിൽനിന്ന് പണം ഈടാക്കിയ നടപടി അപലപനീയമാണെന്നും ഷിബു വർഗീസ് പറഞ്ഞു.

നിർധന പ്രവാസികളുടെ അപേക്ഷ പരിഗണിച്ച് വെൽഫെയർ ഫണ്ട് ഉപയോഗിച്ച് അവരെ നാട്ടിലെത്തിക്കണമെന്ന ഹൈക്കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് ഇൻകാസ് അബുദാബി പ്രസിഡന്റ് യേശുശീലൻ, സെക്രട്ടറി സലിം ചിറക്കൽ, ട്രഷറർ നിബു സാം ഫിലിപ്പ് എന്നിവർ ആവശ്യപ്പെട്ടു.

പ്രവാസികളിൽനിന്ന് പിരിച്ചെടുക്കുന്ന കോടിക്കണക്കിന് രൂപയുടെ ഒരു വിഹിതമെങ്കിലും അവർക്കായി ഉപയോഗിക്കാൻ എന്തിനു മടിക്കണമെന്നും ചോദിച്ചു.

ക്ഷേമനിധിയിൽ നിന്നുള്ള തുക പ്രവാസികളിലെ കോവിഡ് ദുരിത ബാധിതർക്കായി ചെലവഴിക്കണമെന്ന നിർദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം അതതു രാജ്യത്തെ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും രേഖാമൂലം നൽകണമെന്ന് ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ അൽഐൻ പ്രസിഡന്റ്‌ ജോയ് തണങ്ങാടൻ പറഞ്ഞു.

കോവിഡിൽ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കിയാൽ വേദനിച്ചു കഴിയുന്നവർക്ക് വലിയൊരു ആശ്വാസമായിരിക്കുമെന്നും പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും വിസാ കാലാവധി തീർന്നും താമസം, ഭക്ഷണം, മരുന്ന് എന്നിവയ്ക്കു പ്രയാസപ്പെടുന്നവരെ ക്ഷേമനിധി ഉപയോഗിച്ചു നാട്ടിലെത്തിക്കണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറൽ സിയു മത്തായി ആവശ്യപ്പെട്ടു. ഇപ്പോൾ അല്ലാതെ പിന്നെ എപ്പോഴാണ് ഇതുപയോഗിക്കുന്നതെന്നും ചോദിച്ചു

കോൺസൽ സർവീസിനായി ഇന്ത്യൻ എംബസിയെയും കോൺസുലേറ്റിനെയും സമീപിക്കുമ്പോഴാണ് വെൽഫെയർ ഫണ്ടിലേക്ക് 10 ദിർഹം വീതം ഈടാക്കിവരുന്നത്.

യുഎഇയിൽ 2009 മുതലാണ് ഈ തുക ഈടാക്കിത്തുടങ്ങിയത്. അടിയന്തര ഘട്ടങ്ങളിൽ പ്രവാസി ഇന്ത്യക്കാരെ സഹായിക്കാനായി സ്വരൂപിച്ചു തുടങ്ങിയ തുകയാണ് വർഷങ്ങൾക്കിപ്പുറം കുന്നുകൂടിയിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *