ഒക്ടോബര്‍ 15 മുതല്‍ സാലിക് ടോള്‍…അബുദാബി ഗതാഗത വകുപ്പിന്റെ വെബ്‌പേജില്‍ എല്ലാ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ

അബുദാബി: ഒക്ടോബര്‍ 15 മുതല്‍ അബുദാബിയിലെ റോഡുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ടോള്‍ഗേറ്റ് (സാലിക്) സംവിധാനത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയമായി. അതിനായി അബുദാബി ഗതാഗതവകുപ്പ് ഒരു വെബ്പേജ് പുറത്തിറക്കിയിട്ടുണ്ട്. കാലാവധിയുള്ള എമിറേറ്റ്സ് ഐഡി, കാര്‍ നമ്പര്‍പ്ലേറ്റ്, ഇ-മെയില്‍ വിലാസവും ഫോണ്‍നമ്പറും സഹിതം വെബ്പേജില്‍ ഒരു പാസ്വേഡുണ്ടാക്കി രജിസ്റ്റര്‍ ചെയ്യാം. അതിനുശേഷം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് ഒരു ഒ.ടി.പി. നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. ആ ഒ.ടി.പി. നമ്പര്‍വഴി വെബ്പേജിലേക്ക് പ്രവേശിച്ചാല്‍ സ്വന്തംപേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ ലിസ്റ്റ് നിങ്ങള്‍ക്ക് കാണാം.

സാലിക് ടോള്‍ഗേറ്റിന്റെ സേവനത്തിനായി ആഗ്രഹിക്കുന്ന നിങ്ങളുടെ വാഹനം ഏതാണെന്ന് തിരഞ്ഞെടുക്കാം. ഓരോ വാഹനത്തിനും അടുത്തായി 100 ദിര്‍ഹം കാണിക്കും. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനമോടിക്കുന്നയാള്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ തുകയാണിത്. നിങ്ങളുടെ രണ്ട് വാഹനങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ 200 ദിര്‍ഹം നല്‍കണമെന്ന് വെബ്സൈറ്റില്‍ കാണിക്കും. അക്കൗണ്ട്സ് ബാലന്‍സ് എസ്.എം.എസ്. ആയി ലഭിക്കും. പണമടച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ അബുദാബിയില്‍ എവിടെയെല്ലാം സാലിക് ടോള്‍ നല്‍കണമെന്നുള്ള ലൊക്കേഷനുകള്‍ വെബ്സൈറ്റില്‍ ലഭിക്കും. പേജില്‍ത്തന്നെ നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റാനും ആവശ്യമായ പേയ്മെന്റുകള്‍ നടത്താനും ഉപയോക്താവിന് ഓപ്ഷനുണ്ട്.

സാലിക് രജിസ്ട്രേഷന്‍ നടത്താത്ത വാഹനങ്ങള്‍ക്ക് വലിയ പിഴ ശിക്ഷയായി ലഭിക്കും. രജിസ്ട്രേഷന്‍ നടത്താതെ ഗേറ്റ് കടന്ന വാഹനത്തിന് ആദ്യതവണ പത്തുദിവസം രജിസ്ട്രേഷന്‍ നടപടിക്കായി അനുവദിക്കും. ഈ കാലാവധിക്ക് ശേഷവും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗേറ്റ് കടന്നാല്‍ ആദ്യദിനം 100 ദിര്‍ഹമാണ് പിഴ. രണ്ടാംദിനം 200 ദിര്‍ഹമായും മൂന്നാംദിനം 400 ദിര്‍ഹമായും പിഴനിരക്ക് ഉയരും. ഇത് പരമാവധി 10,000 ദിര്‍ഹം വരെയാകും.

അബുദാബിക്ക് പുറത്ത് രജിസ്റ്റര്‍ചെയ്ത വാഹനം സാലിക് അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലാതെ കടന്നുപോയാല്‍ ഓരോ ദിവസവും 50 ദിര്‍ഹംവീതം പിഴചുമത്തും. സാലിക് ഒഴിവാക്കാന്‍ വാഹനത്തിന്റെ നമ്ബര്‍പ്ലേറ്റില്‍ ക്രിത്രിമത്വം നടത്തിയാല്‍ 10,000 ദിര്‍ഹമാണ് പിഴ. രജിസ്ട്രേഷന്‍ ഇ-പേയ്മെന്റ് യന്ത്രങ്ങളോ സാലിക് ഗേറ്റുകളോ നശിപ്പിച്ചാല്‍ 10,000 ദിര്‍ഹം പിഴ ചുമത്തും. അബുദാബിയില്‍ നാല് സാലിക് ടോള്‍ഗേറ്റുകളാണ് ഉയരുന്നത്. ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, ശൈഖ് സായിദ് പാലം, മുസഫ പാലം, അല്‍ മഖ്ത പാലം എന്നിവിടങ്ങളിലായിരിക്കും ഗേറ്റ്. തിരക്ക് കുറയ്ക്കുക, പൊതുഗതാഗതം ശക്തമാക്കുക, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ശക്തമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാലിക് നിലവില്‍ വരുന്നതോടെ തിരക്കേറുന്ന സമയങ്ങളില്‍ 4000 വാഹനങ്ങള്‍ കുറയുമെന്നാണ് പ്രതീക്ഷ.

രാവിലെ ഏഴ്മുതല്‍ ഒമ്പത് വരേയും വൈകീട്ട് അഞ്ചുമണിമുതല്‍ ഏഴ് മണിവരേയും സാലിക് നാല് ദിര്‍ഹമാണ്. രാവിലെ 9.1 മുതല്‍ വൈകീട്ട് 4.59 വരെയും വൈകീട്ട് 7.01 മുതല്‍ രാവിലെ 6.59 വരെയും വെള്ളിയാഴ്ചകളിലും പൊതു അവധികളിലും സാലിക് രണ്ട് ദിര്‍ഹമാണ്. അബുദാബി സാലിക് ടോള്‍ഗേറ്റ് വെബ്സൈറ്റ്: https://itps.itc.gov.ae

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *