യുഎഇയിൽ ഏഴ് വയസുള്ള കോവിഡ് രോഗി ആശുപത്രി വിട്ടു; രോഗം വന്ന വഴി അ‍ജ്ഞാതം

ദുബായ് : ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സ്നേഹാഭിവാദ്യങ്ങൾക്കിടെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയിൽ നിന്നിറങ്ങുമ്പോള്‍ ലീൻ എന്ന കൊച്ചു മിടുക്കിയുടെ കണ്ണുകൾ തിളങ്ങി.

ഇത്രയും ദിവസം തനിക്ക് സ്വന്തം മകളുടെ കരുതൽ തന്ന എല്ലാവരെയും വിട്ടുപോകുന്നതിലെ വിഷമം അവളുടെ മുഖത്ത് പ്രത്യക്ഷമായി. എങ്കിലും അവൾ കുഞ്ഞു കൈകൾ വീശി എല്ലാവർക്കും ടാറ്റ പറഞ്ഞു.

ബുർജീൽ ആശുപത്രിയിലെ ഐസലേഷൻ റൂമിൽ  കിടന്ന ആദ്യ ദിവസങ്ങളിൽ ഏഴു വയസുകാരി ലീനിന് അറിയില്ലായിരുന്നു, എന്താണ് കോവിഡെന്ന്. മുമ്പെപ്പോഴോ വന്നതിലും കൂടിയ പനി, ശക്തമായ ചുമ. ഒപ്പം ശ്വാസ തടസവും.

മകളുടെ വയ്യായ്കകൾ ആദ്യം അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരോട് വിശദീകരിക്കുമ്പോൾ മാതാപിതാക്കൾക്കും ഇത്രയേ അറിയാമായിരുന്നുള്ളൂ.

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ഡോക്ടർമാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ലോകമാകെ പടരുന്ന വൈറസിന് ഇരയായതാണ് കൊച്ചു മിടുക്കിയെന്ന് ഡോക്ടർമാർ പിന്നീടുള്ള പരിശോധനയിൽ കണ്ടെത്തി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വിവരമറിഞ്ഞു കുടുംബം ആശങ്കയിൽ ആയെങ്കിലും എന്താണ് രോഗമെന്ന് അറിയാത്തതുകൊണ്ട് ലീൻ  ഐസലേഷൻ റൂമിലെത്തുന്ന ഡോക്ടർമാരോടും നഴ്സുമാരോടും ചോദിച്ചു കൊണ്ടിരുന്നു, എന്തിനാണ് തന്നെ ആശുപത്രിയിലേക്ക്  മാറ്റിയതെന്ന്.

Good-Bye-leen-2

എന്താണ് കോവിഡ് എന്നും എന്തുകൊണ്ടാണ് വയ്യായ്കകൾ എന്നും ഡോക്ടർമാർ ലളിതമായ ഉദാഹരണങ്ങൾ സഹിതം ലീനിനെ പറഞ്ഞു മനസിലാക്കി.

മാസ്കും ഗ്ലൗസും  മറ്റു മുൻ കരുതലുകളും സ്വീകരിച്ച്  ദിവസങ്ങളോളം അമ്മയും അവൾക്ക് കൂട്ടിരുന്നു. അങ്ങനെ എട്ടു ദിവസത്തിനു ശേഷം കോവിഡിനെ അതിജീവിച്ച്  ചുറുചുറുക്കോടെ ലീൻ  ഐസലേഷൻ റൂമിൽ നിന്നു പുറത്തിറങ്ങി.

വൈറസ് വഴി അ‍ജ്ഞാതം; ആശങ്കകളെ മറന്നു ധൈര്യത്തോടെ

ആദ്യ ദിവസത്തെ ആശങ്കകളെ മറന്നു ധൈര്യത്തോടെ മഹാമാരിയെ അതിജീവിച്ച മിടുക്കിക്ക് അബുദാബി വിപിഎസ്- ബുർജീൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ  സ്നേഹോഷ്മള യാത്രയയപ്പാണ് നൽകിയത്.

അമ്മയുടെ കൈപിടിച്ചിറങ്ങിയ ലീനിനെ വരവേൽക്കാൻ ആശുപത്രി ജീവനക്കാർ  ഒന്നടങ്കം മുറിക്ക് പുറത്തുണ്ടായിരുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, ഹൗസ് കീപ്പിങ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ… എല്ലാവരും വരിവരിയായി നിന്ന് ലീനിനെ അഭിവാദ്യം ചെയ്തു, കയ്യടിച്ചു.

മകൾ കോവിഡിനെ അതിജീവിച്ചതിന്റെ ആശ്വാസത്തിലാണ്‌ സിറിയയിൽ നിന്നുള്ള കുടുംബം. എങ്ങനെയാന് മകൾക്ക് വൈറസ് ബാധിച്ചതെന്നു ഇപ്പോഴും ഇവർക്ക് തിട്ടമില്ല. പൊസിറ്റിവ് ആയ ആരുമായും കുട്ടി സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയിട്ടില്ല.

ലീൻ പോസിറ്റിവ് ആണെന്നറിഞ്ഞതിനെ തുടർന്ന് മാതാപിതാക്കളുടെ സാമ്പിളുകൾ പരിശോധിച്ചെങ്കിലും വൈറസ് ബാധ കണ്ടെത്താത്തത് കുടുംബത്തിന് ആശ്വാസമായി.

Standing-Ovation-1

ആശങ്ക വേണ്ടെന്ന ഡോക്ടർമാരുടെ വാക്കുകൾ വിശ്വസിച്ചു കഴിയുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ കുടുംബം. കുട്ടി ഒറ്റയ്ക്കായതു കൊണ്ട്  മുൻകരുതലുകൾ സ്വീകരിച്ച്   ഐസൊലേഷൻ മുറിയിൽ മകൾക്ക് കൂട്ടിരിക്കാൻ അമ്മയ്ക്ക് ആശുപത്രി അധികൃതർ  അനുമതി നൽകി.

ചിത്രങ്ങൾ വരച്ചും ഖുറാൻ വായിച്ചും ടിവി കണ്ടുമാണ് ഐസൊലേഷനിൽ ലീൻ സമയം ചെലവഴിച്ചത്. നാല് ദിവസം കൂടുമ്പോൾ വൈറസ് പകർന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ അമ്മയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുമായിരുന്നു. മറ്റു കുടുംബാംഗങ്ങൾ വീഡിയോ കോളിലൂടെയും ഫോണിലൂടെയുമാണ് കുട്ടിയുമായി സംസാരിച്ചത്.

ആദ്യം വലിയ ആശങ്കയിലൂടെയാണ് കടന്നുപോയതെങ്കിലും ആശുപത്രിയിലെ മികച്ച പരിചരണവും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വാക്കുകളും ആത്മവിശ്വാസം നൽകിയതായി കുട്ടിയുടെ അമ്മ ബതോൾ പറഞ്ഞു.

വീട്ടിലുള്ള മറ്റു കുട്ടികളെ ശ്രദ്ധിക്കുക അതേസമയം തന്നെ ലീനിനൊപ്പം കഴിയുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. മകളെ രോഗമുക്തയാകാൻ സഹായിച്ച ബുർജീൽ ആശുപത്രിയിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുകയാണ് ഈ അമ്മ.

യുഎഇയിലെ പ്രായംകുറഞ്ഞ രോഗികളിലൊരാൾ 

യുഎഇയിലെ പ്രായംകുറഞ്ഞ രോഗികളിലൊരാളാണ് ലീൻ. ആദ്യ ലക്ഷണങ്ങളിൽ നിന്ന് തന്നെ കോവിഡ് സംശയം തോന്നി ചികിത്സ ആരംഭിച്ചതിനാലാണ് ലീനിന് വേഗം രോഗത്തെ അതിജീവിക്കാൻ  ആയതെന്ന് മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകിയ  ഡോ. നഷ്‌വ ബഹേൽദ്ദീൻ പറഞ്ഞു.

വീട്ടിലിരിക്കൂ കൂട്ടുകാരേ

ഏട്ടു ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ലീനിന്  തന്നെപ്പോലുള്ള കൊച്ചു മിടുക്കന്മാരോടും മിടുക്കികളോടും കൊറോണയെപ്പറ്റി ഇത്രയേ പറയാനുള്ളൂ.

അടങ്ങി വീട്ടിൽ ഇരിക്കുക. പുറത്തെ കളികൾ പിന്നീടാവാം. കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക, സുരക്ഷിതരായി കഴിയുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *